ഹോം » ലോകം » 

കാബൂള്‍ ആക്രമണത്തിന്‌ പിന്നില്‍ പാക്‌ താലിബാന്‍

September 15, 2011

കാബൂള്‍: നാറ്റോ നയിക്കുന്ന അന്തര്‍ദേശീയ സുരക്ഷാസഹായസേന (ഐഎസ്‌എഎഫ്‌) കാബൂള്‍ ആക്രമണങ്ങള്‍ക്ക്‌ പിന്നില്‍ പാക്കിസ്ഥാനിലെ താലിബാന്‍ ഭീകരരാണെന്ന്‌ വെളിപ്പെടുത്തി. 20 മണിക്കൂര്‍ നീണ്ടുനിന്ന അമേരിക്കന്‍ നയതന്ത്ര കാര്യ ഉപരോധത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. ചൊവ്വാഴ്ച അമേരിക്കന്‍ എംബസിക്കടുത്തുനിന്നാണ്‌ വെടിവെപ്പുണ്ടായത്‌. തുടര്‍ന്ന്‌ എംബസി കെട്ടിടത്തിനുനേരെയും ടോലോ ടെലിവിഷനുനേരെയും റോക്കറ്റ്‌ ആക്രമണമുണ്ടായി.
ആക്രമണത്തിന്റെ സാങ്കേതികതയും നിര്‍വഹിച്ച രീതിയും പരിശോധിക്കുമ്പോള്‍ അത്‌ ഹക്വാനി പ്രേരണയോടെ നടത്തിയതായി കണക്കാക്കപ്പെടേണ്ടതുണ്ടെന്ന്‌ ഐഎസ്‌എഎഫ്‌ തലവന്‍ ജോണ്‍ അലന്‍ വ്യക്തമാക്കി. ഹക്വാനി തീവ്രവാദ ശൃംഖലക്ക്‌ താലിബാനുമായി ബന്ധമുണ്ട്‌. പാക്കിസ്ഥാനിലെ വടക്കന്‍ വസിരിസ്ഥാനിലും അഫ്ഗാനിസ്ഥാന്റെ മൂന്ന്‌ കിഴക്കന്‍ പ്രവിശ്യകളുമാണ്‌ ഇവരുടെ താവളം. അല്‍ ഖ്വയ്ദയുടെ ഒരു പ്രധാന സഖ്യകക്ഷിയുമാണിത്‌. സൈനികമായ വീഴ്ച മൂലമാണ്‌ അക്രമം നടന്നതെന്നും എന്നാല്‍ അത്‌ തീവ്രവാദികള്‍ക്ക്‌ ഒരു പ്രേരണയായിമാറി എന്നും കമാണ്ടര്‍ കൂട്ടിച്ചേര്‍ത്തു. 800 മീറ്റര്‍ അകലെനിന്ന്‌ റോക്കറ്റുകളുപയോഗിച്ച്‌ ആറ്‌ ഗ്രനേഡുകളാണ്‌ എംബസിക്കുനേരെ പ്രയോഗിച്ചതെന്നും സംഭവത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ അപകടമൊന്നും പിണഞ്ഞിട്ടില്ലെന്നും അഫ്ഗാനിലെ അമേരിക്കന്‍ അംബാസഡര്‍ റിയാന്‍ ക്രോക്കര്‍ അറിയിച്ചു. അഫ്ഗാനിസ്ഥാനിലും കാബൂളിലുമുണ്ടായ ആക്രമണങ്ങളില്‍ ഹക്വാനി സംശയിക്കപ്പെട്ടിരുന്നു. 2008 ല്‍ 54 പേരുടെ മരണത്തിനിടയാക്കിയ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം ബോംബുവെച്ചതിന്‌ പിന്നിലും ഇതേ സംഘടനയാണെന്ന്‌ കരുതപ്പെടുന്നു.

Related News from Archive
Editor's Pick