ഹോം » പൊതുവാര്‍ത്ത » 

മുല്ലപ്പെരിയാര്‍ കേരളത്തിന്റെ പരിശോധന തമിഴ്‌നാട്‌ തടഞ്ഞു

September 15, 2011

കുമളി: മുല്ലപ്പെരിയാറില്‍ ഡാം പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ തമിഴ്‌നാട്‌ അധികൃതര്‍ തടഞ്ഞു. ബേബി ഡാമിന്റെയും സ്പില്‍വേയുടെയും മുന്നിലെ ജലത്തിന്റെ അടിത്തട്ടിന്റെ ആഴം അളക്കാന്‍ എത്തിയ പീച്ചി കേരള എഞ്ചിനീയറിംഗ്‌ റിസേര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഉദ്യോഗസ്ഥരെയാണ്‌ തമിഴ്‌നാട്‌ ഉദ്യോഗസ്ഥര്‍ തടഞ്ഞത്‌.
ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ അണക്കെട്ടില്‍ പരിശോധനക്ക്‌ പോകാന്‍ ഒരുങ്ങവേയാണ്‌ തമിഴ്‌നാട്‌ എക്സി. എഞ്ചിനീയര്‍ രാജേഷ്‌ രംഗത്തെത്തിയത്‌. മുല്ലപ്പെരിയാര്‍ അണക്കെട്ടിലോ പരിസരപ്രദേശങ്ങളിലെ ഒരു വിധത്തിലുള്ള പരിശോധനയും അനുവദിക്കാന്‍ കഴിയില്ല. കേരളത്തിന്‌ തമിഴ്‌നാടിന്റെ കൈവശമിരിക്കുന്ന മുല്ലപ്പെരിയാര്‍ പ്രദേശത്ത്‌ പരിശോധനകള്‍ക്ക്‌ കേരളത്തിന്‌ അനുമതി നല്‍കരുതെന്നും തമിഴ്‌നാട്‌ പൊതുമരാമത്ത്‌ സെക്രട്ടറി സായ്കുമാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും രാജേഷ്‌ കേരളത്തിലെ ഉദ്യോഗസ്ഥരെ അറിയിച്ചു.
എന്നാല്‍ തമിഴ്‌നാട്‌ അധികൃതരുടെ അനുമതിക്കായി രേഖാമൂലം വിവരങ്ങള്‍ അറിയിച്ചിരുന്നതായും ആശയവിനിമയത്തില്‍ വന്ന പിഴവാകാം പ്രശ്നങ്ങള്‍ക്കിടയാക്കിയതെന്നും കേരളത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തമിഴ്‌നാട്‌ ഉദ്യോഗസ്ഥരുടെ എതിര്‍പ്പ്‌ ശക്തമായിരുന്നെങ്കിലും ഇവ വകവെക്കാതെ എഞ്ചിനീയറിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡയറക്ടര്‍ ഐ.പി. നായരുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘ ഉദ്യോഗസ്ഥര്‍ പീച്ചിയില്‍നിന്നുമെത്തിച്ച പ്രത്യേക ബോട്ടില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക്‌ ഉച്ചയോടെ യാത്രതിരിക്കുകയായിരുന്നു. പ്രത്യേക ഉപകരണം ഉപയോഗിച്ച്‌ ജലത്തിന്റെ അടിയിലുള്ള ആഴം കണക്കാക്കി ഇതിനായി പ്രത്യേക മാപ്പ്‌ തയ്യാറാക്കി മുല്ലപ്പെരിയാര്‍ സെല്ലിന്‌ ‘കെറി’ യില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വൈകാതെ കൈമാറും.
-സ്വന്തം ലേഖകന്‍

Related News from Archive
Editor's Pick