ഹോം » പൊതുവാര്‍ത്ത » 

ദല്‍ഹി സ്ഫോടനത്തില്‍ മലയാളി ഭീകരന്‌ പങ്കെന്ന്‌ സൂചന

September 15, 2011

ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതിയുടെ പ്രവേശനകവാടത്തില്‍ നടത്തിയ ബോംബ്സ്ഫോടനത്തില്‍ മലയാളിയായ ഒരു ഭീകരന്‌ പങ്കുണ്ടെന്ന്‌ സൂചന. കൃത്യത്തില്‍ പങ്കെടുത്ത രണ്ട്‌ പേരില്‍ ഒരാളായ ഇയാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ എന്‍ഐഎ തുടരുകയാണ്‌. ജമ്മുകാശ്മീരിലെ കഷ്ഠ്വാറിലാണ്‌ സ്ഫോടനം ആസൂത്രണം ചെയ്തതെന്ന്‌ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്‌.
സ്ഫോടനവുമായി ബന്ധപ്പെട്ട്‌ ഹഫീസ്‌ അമര്‍ എന്ന ഹുജി ഭീകരനെ സുരക്ഷാസേന കസ്റ്റിഡിയിലെടുത്തു. ഇ-മെയിലിലൂടെ ഭീകരസന്ദേശം അയച്ചതിനാണ്‌ അറസ്റ്റ്‌. തന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ ദല്‍ഹി സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന സന്ദേശമയച്ചതെന്ന്‌ ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.
ഇതേസമയം കോടതി പ്രവേശനകവാടത്തിലെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. പരിക്കേറ്റ്‌ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്ന മൃദുല്‍ ബക്ഷി (34) ആണ്‌ ഇന്നലെ പുലര്‍ച്ചെയോടെ അന്തരിച്ചത്‌.
ഇതിനിടെ മുംബൈക്കും അഹമ്മദാബാദിനുമിടയില്‍ ഓടുന്ന ആഡംബര ബസ്സുകളില്‍ ഭീകരാക്രമണമുണ്ടവാന്‍ സാധ്യതയുണ്ടെന്ന്‌ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചതിനെത്തുടര്‍ന്ന്‌ മുംബൈ സര്‍ക്കാര്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്‌. ആഡംബരിബസ്സിലെ യാത്രക്കാരുടെ വിശദാംശങ്ങള്‍ ശേഖരിക്കുകയും ലഗേജുകള്‍ കര്‍ശന പരിശോധനക്ക്‌ വിധേയമാക്കുകയും ചെയ്യും. ഈ റൂട്ടുകളില്‍ ഓടുന്ന സാധാരണ ബസ്സുകളിലും പരിശോധന നടത്തുന്നുണ്ട്‌.
കിഷ്ഠ്വാറിലെ ഒരു സൈബര്‍ കഫേയില്‍നിന്ന്‌ അയച്ച ഇ-മെയിലാണ്‌ വഴിത്തിരിവായത്‌. പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥികളായ രണ്ടുപേരാണ്‌ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ഇ-മെയില്‍ അയച്ചത്‌. ഇവരുള്‍പ്പെടെ ഏഴംഗ സംഘമാണ്‌ സ്ഫോടനത്തിന്‌ പിന്നിലെന്ന്‌ കരുതപ്പെടുന്നു. ഇ-മെയില്‍ അയച്ച രണ്ടുപേരെയും ചോദ്യംചെയ്തുവരികയാണ്‌. 25 നും 35 നും ഇടയില്‍ പ്രായമുള്ളവരാണ്‌ സംഘത്തിലെ മറ്റുള്ളവര്‍. ഇ-മെയില്‍ അയച്ച വിദ്യാര്‍ത്ഥികളെ ബുധനാഴ്ചയാണ്‌ അറസ്റ്റ്‌ ചെയ്തത്‌.
ഇതിനിടെ സ്ഫോടനത്തില്‍ പങ്കുണ്ടെന്ന്‌ സംശയിക്കുന്നവരില്‍ ഒരാളുടെ രേഖാചിത്രത്തോട്‌ സാമ്യമുള്ള ഒരാള്‍ ബംഗാളിലെ ഹൗറയില്‍ അറസ്റ്റിലായിട്ടുണ്ട്‌. ശരീരമാസകലം പരിക്കേറ്റ നിലയിലുള്ള സയ്ദ്‌ അഫ്സല്‍ താഹിര്‍ എന്നയാളാണ്‌ പിടിയിലായത്‌. ഇയാള്‍ക്ക്‌ 35 വയസിനോടടുത്ത്‌ പ്രായമുണ്ട്‌. ഹൗറയിലെ ഒരു ഗ്രാമത്തിലെ ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടി എത്തിയപ്പോഴാണ്‌ അറസ്റ്റിലായത്‌. തലയിലും ദേഹമാസകലവും മുറിവുകളുമായി ചികിത്സ തേടിയ താഹിര്‍ പക്ഷേ പേരോ എങ്ങനെ മുറിവേറ്റു എന്ന കാര്യങ്ങളോ വെളിപ്പെടുത്താന്‍ തയ്യാറായില്ല. തുടര്‍ന്നാണ്‌ സംശയം തോന്നി ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചത്‌. ബോംബാക്രമണത്തില്‍ പരിക്കേറ്റവരുടേതിന്‌ സമാനമായ മുറിവുകളാണ്‌ താഹിറിന്റെ ദേഹമാസകലവും.

Related News from Archive
Editor's Pick