ഹോം » പൊതുവാര്‍ത്ത » 

പ്ലാച്ചിമട ബില്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചു

September 16, 2011

ന്യൂദല്‍ഹി: പ്ലാച്ചിമടയില്‍ വരുത്തിയ പരിസ്ഥിതി നാശത്തിന്‌ കൊക്കോകള കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ കേന്ദ്രം തിരിച്ചയച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബില്ലാണ്‌ കേന്ദ്ര ആഭ്യന്തരവകുപ്പ്‌ വിശദീകരണം തേടി തിരിച്ചയച്ചത്‌.

ഇത്തരത്തില്‍ ഒരു നിയമം പാസ്സാക്കാന്‍ സംസ്ഥാനത്തിന്‌ അധികാരമില്ലെന്ന പരാതിയെ തുടര്‍ന്നാണ്‌ ബില്‍ കേന്ദ്രം തിരിച്ചയച്ചത്‌. ബില്‍ സംബന്ധിച്ച് ഒരാഴ്ചയ്ക്കകം മറുപടി പറയാന്‍ നിയമവകുപ്പിന് നിര്‍ദേശം നല്‍കി. കെ. ജയകുമാര്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് ട്രൈബ്യൂണല്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്തത്. കമ്പനി 216.25 കോടി രൂപയുടെ പാരിസ്ഥിതിക നഷ്ടം ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.

അംഗീകാരത്തിനായി കേന്ദ്രസര്‍ക്കാര്‍ ബില്ല് രാഷ്ട്രപതിയ്ക്ക് അയച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള ഇടത് എം.പിമാര്‍ രാഷ്ട്രപതിയെ കണ്ടിരുന്നു. ബില്ല് തന്റെ മുന്നിലെത്തിയാല്‍ എത്രയും പെട്ടെന്ന് അനുകൂല തീരുമാനമെടുക്കുമെന്ന് രാഷ്ട്രപതി എം.പിമാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

Related News from Archive
Editor's Pick