മോഡിയുടെ ഉപവാസത്തിന്‌ പിന്തുണയേറുന്നു

Friday 16 September 2011 10:26 pm IST

ന്യൂദല്‍ഹി: ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി ഇന്ന്തുടക്കമിടുന്ന ഉപവാസത്തിന്‌ പിന്തുണയേറുന്നു. പഞ്ചാബ്‌ മുഖ്യമന്ത്രി പ്രകാശ്സിംഗ്‌ ബാദലിന്‌ പിന്നാലെ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയും ഉപവാസത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു. അഹമ്മദാബാദില്‍ മൂന്നു ദിവസം നടക്കുന്ന മോഡിയുടെ ഉപവാസത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ പ്രകാശ്സിംഗ്‌ ബാദല്‍ പങ്കെടുക്കും. ജയലളിതയുടെ പ്രതിനിധികളായി തമ്പിദുരൈ, മൈത്രേയന്‍ എന്നിവര്‍ ഉപവാസത്തിന്റെ ആദ്യദിവസം പങ്കെടുക്കും. ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനി, രവിശങ്കര്‍പ്രസാദ്‌, വിജയ്‌ ഗോയല്‍, രാജ്നാഥ്സിംഗ്‌, ഷാനവാസ്‌ ഹുസൈന്‍, രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജെറ്റ്ലി എന്നിവര്‍ ഉപവാസത്തില്‍ പങ്കുചേരും. ശിവസേനയുടെ പ്രമുഖ നേതാവും സംബന്ധിക്കും. സമാധാനത്തിനും സമുദായസൗഹാര്‍ദ്ദത്തിനും വേണ്ടിയാണ്‌ മോഡി ഉപവാസം നടത്തുന്നത്‌.