ഹോം » വാര്‍ത്ത » 

തലസ്ഥാനത്ത്‌ സംഘര്‍ഷം

September 16, 2011

തിരുവനന്തപുരം: പെട്രോള്‍ വില വര്‍ധനയ്ക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ തലസ്ഥാനത്ത്‌ വ്യാപക സംഘര്‍ഷം. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി. മൂന്ന്‌ സര്‍ക്കാര്‍ അഗ്നിക്കിരയാക്കി. വിജിലന്‍സിന്റെയും പി.എസ്‌.സിയുടെയും ആരോഗ്യവകുപ്പിന്റെയും വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ കത്തിച്ചത്‌. കുന്നുകുഴിയിലും ജനറല്‍ ആസ്പത്രി പരിസരത്തും തേക്കുംമൂടും വച്ചാണ്‌ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍കത്തിച്ചത്‌.
എസ്‌എഫ്‌ഐ പ്രവര്‍ത്തകരാണ്‌ ആദ്യം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ കോലവുമായി സെക്രട്ടേറിയറ്റ്‌ പടിക്കലെത്തിയത്‌. ഇതേ സമയം ജനറല്‍ പോസ്റ്റ്‌ ഓഫീസിലേക്ക്‌ ഡിവൈഎഫ്‌ഐക്കാര്‍ പ്രകടനമായെത്തി. ഇവിടെ പോലീസുകാരുടെ എണ്ണം കുറവായിരുന്നു. അക്രമാസക്തരായ പ്രവര്‍ത്തകര്‍ ചെടിച്ചട്ടികള്‍ വലിച്ചെറിയുകയും ജനാല ചില്ലുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. ചെടിച്ചട്ടി കൊണ്ട്‌ പേട്ട സി.ഐ പ്രകാശിന്‌ പരിക്കേറ്റു. തുടര്‍ന്ന്‌ പോലീസ്‌ ജലപീരങ്കി പ്രയോഗിച്ചു. ഒരു റൗണ്ട്‌ കണ്ണീര്‍വാതകവും പ്രയോഗിച്ചു.

കല്ലേറിലും ലാത്തിച്ചാര്‍ജിലും നിരവധി പോലീസുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. എസ്‌എഫ്‌ഐ സംസ്ഥാന വൈസ്പ്രസിഡന്റ്‌ എ.എ.റഹീം, ജില്ലാസെക്രട്ടറി ബെന്‍ ഡാര്‍വിന്‍, ഡിവൈഎഫ്‌ഐ ജില്ലാപ്രസിഡന്റ്‌ ബിജു, അംഗങ്ങളായ ഹരികുമാര്‍, പ്രഷീദ്‌, പ്രശാന്ത്‌, പ്രദീപ്‌, ആശിഷ്‌ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. റ്റിസിഎന്‍ ചാനലിലെ ക്യാമറാമാന്‍ സി.അനിലിന്‌ കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റു. സംഘര്‍ഷവുമായി ബന്ധപ്പെട്ട്‌ അഞ്ച്‌ കുട്ടികളെ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തിരിരുന്നു. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്‌ ശിവന്‍കുട്ടി എംഎല്‍എ പോലീസ്‌ സ്റ്റേഷനില്‍ കുത്തിയിരിപ്പ്‌ നടത്തി. ഐ.ജി. പത്മകുമാര്‍ സ്ഥലത്തെത്തി ചര്‍ച്ചനടത്തിയാണ്‌ പ്രശ്നം പരിഹരിച്ചത്‌.
തുടര്‍ന്ന്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക്‌ മാര്‍ച്ച്‌ ചെയ്തു. അവിടെ റോഡ്‌ ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ്‌ ബലംപ്രയോഗിച്ച്‌ നീക്കി. ഇതേ സമയം യൂണിവേഴ്സിറ്റി കോളജിന്‌ മുമ്പിലുണ്ടായിരുന്ന പോലീസുകാര്‍ക്ക്‌ നേരെ കോളജിനുള്ളില്‍ നിന്ന്‌ രൂക്ഷമായ കല്ലേറ്‌ നടന്നു. ഗ്രനേഡുമായാണ്‌ പോലീസ്‌ ഇവരെ നേരിട്ടത്‌. കോളജിനുള്ളില്‍ കടന്നും എസ്‌എഫ്‌ഐക്കാരെ പോലീസ്‌ മര്‍ദ്ദിച്ചതായി നേതാക്കള്‍ ആരോപിച്ചു. പോലീസ്‌ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ എല്‍ഡിഎഫ്‌ ആണ്‌ തിരുവനന്തപുരം ജില്ലയില്‍ ഇന്ന്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്തിരിക്കുന്നത്‌. രാവിലെ 6 മുതല്‍ വൈകിട്ട്‌ 6 വരെയാണ്‌ ഹര്‍ത്താല്‍.
സ്വന്തം ലേഖകന്‍

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick