ഭരത്പൂര്‍ സംഘര്‍ഷം: സിബിഐ അന്വേഷിക്കും

Saturday 17 September 2011 7:59 pm IST

ജയ്പൂര്‍: ഭരത്പൂരിലെ ഗോഹല ഗാര്‍ഹ്‌ ഗ്രാമത്തിലുണ്ടായ സാമുദായിക സംഘര്‍ഷത്തില്‍ എട്ടുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്‌ രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കഴിഞ്ഞദിവസം നടന്ന ഉന്നതതല യോഗത്തിലാണ്‌ അന്വേഷണം സിബിഐക്ക്‌ കൈമാറാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ട്‌ തീരുമാനിച്ചത്‌. ഇതോടൊപ്പം സംഭവത്തെക്കുറിച്ച്‌ ഒരു ഹൈക്കോടതി റിട്ടയേര്‍ഡ്‌ ജഡ്ജി ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇതിനിടയില്‍ ഭരത്പൂര്‍ ജില്ലാ കളക്ടര്‍ കൃഷ്ണ കുനല്‍, എസ്പി ഇന്‍ഗ്ലാജ്‌ ദാന്‍ എന്നിവരെ അന്വേഷണ സംബന്ധമായി സസ്പെന്റ്‌ ചെയ്തതായും അവര്‍ കൂട്ടിച്ചേര്‍ത്തു.