ഹോം » ഭാരതം » 

ജെഡെ വധം: രണ്ട്‌ പ്രതികള്‍ കുറ്റസമ്മതം നടത്തി

September 17, 2011

ന്യൂദല്‍ഹി: അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡെ (ജെഡെ) വധക്കേസില്‍ അറസ്റ്റിലായവരില്‍ രണ്ടുപേര്‍ കുറ്റസമ്മതം നടത്തിയതായി പോലീസ്‌ അറിയിച്ചു. പ്രതികള്‍ക്ക്‌ സിംകാര്‍ഡുകള്‍ നല്‍കിയതിനെത്തുടര്‍ന്ന്‌ പിടിയിലായ പോള്‍സണ്‍ ജോസഫ്‌, ഷൂട്ടര്‍ സതീഷ്‌ കാലിയക്ക്‌ യുഎസ്‌ നിര്‍മിത റിവോള്‍വര്‍ നല്‍കിയ ദീപക്‌ സിസോഡിയ എന്നിവരാണ്‌ കുറ്റസമ്മതം നടത്തിയതെന്നും ഇവരുടെ മൊഴി റെക്കോഡ്‌ ചെയ്തിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച്‌ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇവരില്‍ സിസോഡിയയുടെ മൊഴി സപ്തംബര്‍ 7 നും ജോസഫിന്റേത്‌ സപ്തംബര്‍ 13നുമാണ്‌ റെക്കോര്‍ഡ്‌ ചെയ്തിട്ടുള്ളത്‌. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനായി ക്രൈംബ്രാഞ്ചിന്‌ കോടതി കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്‌. പ്രതികള്‍ക്ക്‌ ഗ്ലോബല്‍ സിമ്മുകള്‍ വിതരണം ചെയ്ത ജോസഫില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതായിട്ടുണ്ടെന്നും ഇക്കാരണത്താല്‍ രണ്ട്‌ മാസത്തിനകം മാത്രമേ കുറ്റപത്രം സമര്‍പ്പിക്കാനാകൂവെന്നുമാണ്‌ ക്രൈംബ്രാഞ്ച്‌ കോടതിയെ ബോധിപ്പിച്ചിട്ടുള്ളത്‌.
ഇതോടൊപ്പം കേസിലെ പ്രതികള്‍ക്ക്‌ രക്ഷപ്പെടാന്‍ സ്വന്തം കാര്‍ വിട്ടുകൊടുത്തതുമൂലം കേസിലുള്‍പ്പെട്ട അനില്‍ വാഗ്മോഡ്‌ തന്റെ കാര്‍ തിരികെക്കിട്ടണമെന്നാവശ്യപ്പെട്ട്‌ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്‌. മലയാളിയായ ഷൂട്ടര്‍ സതീഷ്‌ കാലിയ എന്ന രോഹിത്‌ തങ്കപ്പന്‍ ജോസഫും ഇയാളുടെ കൂട്ടാളികളായ പത്ത്‌ പേരുമാണ്‌ പോലീസ്‌ കസ്റ്റഡിയിലുള്ളത്‌. ജൂണ്‍ പതിനൊന്നിന്‌ മുംബൈയിലെ പൊവായില്‍ വച്ചാണ്‌ ജെഡെ വെടിയേറ്റ്‌ കൊല്ലപ്പെട്ടത്‌.

Related News from Archive

Editor's Pick