ഹോം » ലോകം » 

യുഎസില്‍ വ്യോമാഭ്യാസപ്രകടനത്തിനിടെ വിമാനം തകര്‍ന്ന്‌ മൂന്നുപേര്‍ മരിച്ചു

September 17, 2011

റെനോ: യുഎസില്‍ വാര്‍ഷിക വ്യോമാഭ്യാസ പ്രകടനത്തിനിടെ വിമാനം കാണികള്‍ക്കിടയിലേക്ക്‌ തകര്‍ന്നുവീണ്‌ പെയിലറ്റുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്‌. ജിമ്മി ലീവാര്‍ഡ്‌ (80) എന്ന പെയിലറ്റ്‌ പറത്തിയിരുന്ന രണ്ടാംലോക മഹായുദ്ധക്കാലത്ത്‌ ഉപയോഗിച്ചിരുന്ന പോര്‍ വിമാനമാണ്‌ തകര്‍ന്നുവീണത്‌. അപകടത്തില്‍ കാണികള്‍ പലര്‍ക്കും അംഗഭംഗം സംഭവിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വര്‍ഷംതോറും നടത്താറുള്ള പ്രശസ്തമായ നെവാഡ എയര്‍റേസിനിടെയാണ്‌ അപകടമുണ്ടായത്‌. മൂന്നാംവട്ടം മലക്കംമറിയുന്നതിനിടയില്‍ വിമാനം നിയന്ത്രണംവിട്ട്‌ കൂപ്പുകുത്തുകയായിരുന്നെന്ന്‌ കാണികളിലൊരാള്‍ മാധ്യമങ്ങളെ അറിയിച്ചു. വിമാനത്തില്‍നിന്നും തെറിച്ച ലോഹക്കഷ്ണങ്ങള്‍ ശരീരത്ത്‌ തറച്ചാണ്‌ പലര്‍ക്കും പരിക്കുണ്ടായിട്ടുള്ളത്‌. ‘കുതിച്ചോടുന്ന ഭൂതം’ എന്ന്‌ വിളിപ്പേരുള്ള പി-51 മസ്താങ്ങ്‌ പോര്‍ വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌. ദുരന്തത്തില്‍ കൊല്ലപ്പെട്ട പരിചയസമ്പന്നനായ പെയിലറ്റ്‌ ജിമ്മി ലീവാര്‍ഡിന്‌ വിമാനത്തിനുമേല്‍ നിയന്ത്രണം നഷ്ടമായതെന്തുകൊണ്ടാണെന്ന്‌ വ്യക്തമല്ലെന്നും, സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.
ദുരന്തത്തില്‍ പരിക്കേറ്റവരെ ആശുപത്രികളിലേക്ക്‌ മാറ്റിയിട്ടുണ്ടെന്നും എന്നാല്‍ മറിച്ച്‌ മറ്റ്‌ രണ്ടുപേരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ലെന്നും പ്രാദേശിക മെഡിക്കല്‍ വക്താവ്‌ സ്റ്റൈഫാനി ക്രൂസ്‌ അറിയിച്ചു.

Related News from Archive
Editor's Pick