ഹോം » സംസ്കൃതി » 

വ്യാസന്‍

September 17, 2011

വിഷ്ണു ഭഗവാന്‍ തന്നെയാണത്രേ യുഗങ്ങള്‍ തോറും വ്യാസനായി അവതരിച്ച്‌ വേദങ്ങളെ വിഭജിക്കുന്നത്‌. ദേവീഭാഗവതത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നു.
ദ്വാപരേ ദ്വാപരേ വിഷ്ണുര്‍
വ്യാസരൂപേണ സര്‍വഥാ
വേദമേകം സബഹുഥാ
കുരുതേ ഹിതകാമ്യയേ
ദ്വാപരയുഗം തോറും വ്യാസനായി ഭവിച്ച്‌ ഏകമായിരിക്കുന്ന വേദത്തെ ലോകത്തിന്റെ ഹിതത്തിനായി പലതായി വിഭജിക്കുന്നു.
കലിയുഗത്തില്‍ അല്‍പബുദ്ധികളും അല്‍പായുസ്സുകളുമായ മനുഷ്യര്‍ക്ക്‌ സ്വനിര്‍മ്മിതമായ വേദം പ്രാപ്യമല്ലെന്ന്‌ മനസ്സിലാക്കി ശ്രീഹരി യുഗം തോറും സത്യവതീസുതനായ വ്യാസനായി അവതരിച്ചിട്ട്‌ വേദവൃക്ഷത്തെ അനേക ശാഖകളായി വിഭവിക്കുന്നു.
വസിഷ്ഠമഹര്‍ഷിയുടെ പൗത്രനായ പരാശരമഹര്‍ഷിക്ക്‌ കാളി എന്ന മുക്കുവസ്ത്രീയില്‍ ജനിച്ച പുത്രനാണ്‌ വേദവ്യാസന്‍ എന്ന്‌ പുരാണങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. വ്യാസന്റെ ബാല്യനാമം കൃഷ്ണന്‍ എന്നായിരുന്നു. ദ്വീപില്‍ ജനിച്ചതുകൊണ്ട്‌ ദ്വൈപായനന്‍ എന്നും വേദങ്ങളെ വ്യസിച്ചതുകൊണ്ട്‌ (വിഭജിച്ചതുകൊണ്ട്‌) വേദവ്യാസന്‍ എന്ന പേരും സിദ്ധിച്ചു. ഒരു ലക്ഷത്തില്‍പ്പരം ശ്ലോകങ്ങളോടുകൂടിയ മഹാഭാരതത്തിന്റെയും പുരാണങ്ങളുടെയും കര്‍ത്താവായി പ്രകീര്‍ത്തിക്കപ്പെടുന്നത്‌ വേദവ്യാസമുനിയെയാണ്‌.
ദ്വാപരയുഗങ്ങള്‍തോറും വിഷ്ണു വേദവ്യാസനായി അവതരിച്ച്‌ വേദങ്ങളെ വിഭജിക്കുകയും, പുരാണസംഹിതകളെ നിര്‍മ്മിക്കുകയും ചെയ്യുന്നുവെന്ന്‌ ദേവീഭാഗവതം പ്രഥമസ്കന്ധത്തില്‍ പറഞ്ഞിരിക്കുന്നു. അനുസരിച്ച്‌ ഇരുപത്തെട്ടാമത്തെ ദ്വാപരയുഗത്തിലെ വ്യാസനാണ്‌ കൃഷ്ണദ്വൈപായനന്‍. ഓരോ ദ്വാപരയുഗത്തിലും വേദങ്ങളെ വിഭജിച്ചവര്‍ ഇവരാണ്‌. 1) ബ്രഹ്മാവ്‌, 2) പ്രജാപതി, 3) ഉശനസ്സ്‌, 4) ബൃഹസ്പതി, 5) സവിതാവ്‌, 6) മൃത്യുദേവന്‍, 7) മഘവാവ്‌, 8) വസിഷ്ഠന്‍, 9) സാരസ്വതന്‍, 10) ത്രിധാമാവ്‌, 11) ത്രിവൃക്ഷന്‍, 12) ഭരദ്വാജന്‍, 13) അന്തരീക്ഷന്‍, 14) ധര്‍മ്മന്‍, 15) ത്രയ്യാരുണി, 16) ധനഞ്ജയന്‍, 17) മേധാതിഥി, 18) വ്രതി, 19) അത്രി, 20) ഗൗതമന്‍, 21) ഉത്തമന്‍, 22 (വാജശ്രവസ്സ്‌, 23) സോമശ്രവസ്സ്‌, 24) തൃണബിന്ദു, 25) ഭാര്‍ഗ്ഗവന്‍, 26) ശക്തി, 27) ജാതുകര്‍ണ്ണന്‍, 28) കൃഷ്ണദ്വൈപായനന്‍, 29) അടുത്ത ദ്വാപരയുഗത്തിലെ വ്യാസന്‍ അശ്വത്ഥാമാവായിരിക്കും.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick