മനുഷ്യരാശിയുടെ ജനിതകവൈകല്യവും പരിഹാരമാര്‍ഗ്ഗങ്ങളും

Saturday 17 September 2011 8:10 pm IST

മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യങ്ങളെ നാം ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കേണ്ടതുണ്ട്‌. പ്രകൃതി അതിന്റെ സൗമ്യഭാവത്തില്‍ നിന്നും വ്യതിചലിച്ചുകഴിഞ്ഞു. ചുഴലിക്കാറ്റുകളും, സുനാമികളുമെല്ലാം നിത്യസംഭവമായി മാറിയിരിക്കുന്നു. വരാനിരിക്കുന്ന സൗരകൊടുങ്കാറ്റ്‌ എല്ലാ കമ്പ്യൂട്ടര്‍ ശൃംഖലകളേയും ഉപഗ്രഹങ്ങളേയും ഇല്ലാതാക്കുവാന്‍ പര്യാപ്തമായിരിക്കുമെന്ന്‌ ശാസ്ത്രസമൂഹം സൂചിപ്പിക്കുന്നു. 2012 ലെ പോളാര്‍ ഷിഫ്റ്റും, ഉല്‍ക്കാ പതനവും, ആറ്റമിക്‌ റിയാക്ടറുകള്‍ക്കു സംഭവിക്കുന്ന ആഘാതങ്ങളും, മാരകമായ വൈറസ്‌ ബാധയും (16-ാ‍ം നൂറ്റാണ്ടിലുണ്ടായ പ്ലേഗ്‌ ബാധയെപ്പോലെ) ശാസ്ത്രസൂചനകളായി നമുക്കു മുന്നിലുണ്ടല്ലോ. ഇന്നത്തെ ഭൂമിയുടെ പ്രയാണത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഏതൊരു കൊച്ചുകുട്ടിക്കും ഇവയെല്ലാം മനസ്സിലാക്കാവുന്നതാണ്‌. ഓരോ വര്‍ഷവും വാഹനങ്ങളുടെ നിരക്ക്‌ 15 ശതമാനത്തോളം വര്‍ദ്ധിക്കുന്നു. വര്‍ഷം തോറും ഒന്നര ശതമാനത്തോളം കാടുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നു. ഇവയെല്ലാം ഈ ഭൂമിക്ക്‌ ചരമഗീതം കുറിക്കുന്നു. പെട്രോളിന്റെയും ജലത്തിന്റെയും വൈദ്യുതിയുടെയും ദൗര്‍ലഭ്യം മനുഷ്യരാശിയെ ദുരിതക്കയത്തിലേക്ക്‌ ആഴ്ത്തുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ്‌ സൂര്യയോഗ്‌ എന്ന ശാസ്ത്രീയ സാധനാക്രമത്തിന്റെ പ്രാധാന്യത്തെ നാം അറിയേണ്ടത്‌.തികച്ചും പ്രകൃതി കേന്ദ്രീകൃതമായ ഈ സാധനയിലൂടെ നാം സ്വീകരിക്കുന്ന പ്രാപഞ്ചികോര്‍ജ്ജം (സൗരോര്‍ജ്ജം) ഡി.എന്‍.എയുടെ രൂപീകരണ പ്രക്രിയയില്‍ മാതൃഗുണത്തെ നഷ്ടപ്പെടുത്താതെ നിലനിര്‍ത്തുന്നതിന്‌ സഹായിക്കുന്നു. തികച്ചും ഉപദ്രവകരമല്ലാത്ത ഉദയസൂര്യന്റെ പ്രകാശം നമ്മുടെ പീനിയല്‍ ഗ്ലാന്റിലെ ഡി.എം.ടി.യെ പ്രവര്‍ത്തനക്ഷമമാക്കുന്നു. ഇത്‌ എല്ലാ ഹോര്‍മോണ്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെയും ഏകോപിപ്പിക്കുകയും ശരീരത്തിന്റെ ക്രമമായ ചാക്രിക ചലനത്തെ പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. കമ്പ്യൂട്ടറുകളില്‍നിന്നും മൊബെയില്‍ ഫോണുകളില്‍നിന്നും പ്രവഹിക്കുന്ന റേഡിയേഷനെ പ്രതിരോധിക്കുവാന്‍ സൂര്യപ്രകാശം കണ്ണുകളിലൂടെ കടത്തിവിട്ടേ മതിയാവൂ. ഉഷ്ണം ഉഷ്ണേന ശാന്തി!
ശാസ്ത്രീയമായ ഇത്തരം വസ്തുതകള്‍ മനസ്സിലാക്കാതെ അന്ധവിശ്വാസികളായ ഇന്നത്തെ സമൂഹം അശാസ്ത്രീയമായ നോമ്പുകളിലൂടെയും, നേര്‍ച്ചകളിലൂടെയും, ആഹാര നീഹാരാദികളിലെ നിയന്ത്രണമില്ലായ്മയിലൂടെയും സ്വയം നശിക്കുന്നത്‌ തടയുവാന്‍ മാറ്റത്തിന്‌ വിധേയമായി നാം ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതുണ്ട്‌. ആത്മജ്ഞാനികളുടേതായ അത്തരമൊരു ലോകം ഭൂമിയില്‍ സംഭവിക്കട്ടെ എന്ന്‌ പ്രത്യാശിക്കാം. ഇതിനായി നമുക്ക്‌ പ്രകൃതിയെ സ്നേഹിക്കുകയും പ്രകൃതിയുടെ പാഠങ്ങള്‍ മനസ്സിലാക്കുകയും ചെയ്യാം.