ഹോം » കേരളം » 

ഭാരതത്തിന്റെ അടിത്തറ സാംസ്കാരിക ദേശീയതയില്‍: ഒ.രാജഗോപാല്‍

September 17, 2011

തൃശൂര്‍ : പ്രതിസന്ധികളില്‍ പെട്ടുഴലുന്ന ലോകക്രമത്തില്‍ ഭാരതത്തിന്റെ അടിത്തറ ഭദ്രമായി നിലനില്‍ക്കുന്നത്‌ സാംസ്കാരിക ദേശീയതയുടെ ആധാരത്തിലാണെന്ന്‌ ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ.രാജഗോപാല്‍ പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന പഠനശിബിരത്തിന്റെ രണ്ടാംദിവസം സാംസ്കാരിക ദേശീയത എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്തിലെ മറ്റ്‌ സംസ്കാരങ്ങളെല്ലാം തകര്‍ന്നടിഞ്ഞപ്പോള്‍ ഭാരതീയ സംസ്കാരം മാത്രം നിലനില്‍ക്കുകയാണ്‌. സംഘര്‍ഷത്തിന്റെ ആധാരത്തിലുള്ള കമ്മ്യൂണിസ്റ്റ്‌ കാഴ്ചപ്പാടും ചൂഷണത്തിലധിഷ്ഠിതമായ പാശ്ചാത്യരാജ്യങ്ങള്‍ മുന്നോട്ടുവച്ച കാഴ്ചപ്പാടും ലോകം തള്ളിക്കളഞ്ഞിരിക്കുന്നു. സ്നേഹവും സമന്വയവും അടിസ്ഥാനമാക്കിയ ഭാരതീയ സംസ്കാരമാണ്‌ ലോകം ഇന്ന്‌ സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. വി.വി.രാജേഷ്‌ ആമുഖ പ്രഭാഷണം നടത്തി. ശിബിരത്തില്‍ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി രവിതേലത്ത്‌ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച കമ്മ്യൂണല്‍ ബ്ലിലിനെക്കുറിച്ച്‌ യുവമോര്‍ച്ച അഖിലേന്ത്യ സെക്രട്ടറി പിവിഎന്‍ മാധവ്‌, കേരളം നവോത്ഥാനം എന്ന വിഷയത്തില്‍ ആര്‍എസ്‌എസ്‌ സഹപ്രാന്തപ്രചാര്‍ പ്രമുഖ്‌ വത്സന്‍ തില്ലങ്കേരി, കാര്യപദ്ധതി എന്ന വിഷയത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍.ഉമാകാന്തന്‍, വ്യക്തിത്വവികസനത്തെക്കുറിച്ച്‌ ആത്മ ഡയറക്ടര്‍ സി.കെ.സുരേഷും പ്രസംഗപരിശീലനവിഷയത്തില്‍ ബിജെപി സംസ്ഥാന പരിശീലനവിഭാഗം കണ്‍വീനര്‍ അഡ്വ.രവികുമാര്‍ ഉപ്പത്തും ക്ലാസെടുത്തു. 1995 സെപ്തംബര്‍ 17ന്‌ പരുമല ദേവസ്വം കോളേജില്‍ കമ്മ്യൂണിസ്റ്റ്‌ ഗുണ്ടകളാല്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളായ അനു, സുജിത്ത്‌, കിംകരുണാകരന്‍ എന്നിവരുടെ ദീപ്തസ്മരണകള്‍ ശിബിരത്തില്‍ നിറഞ്ഞുനിന്നു. സമാപനദിവസമായ ഇന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി.ശ്രീശന്‍, എ.എന്‍.രാധാകൃഷ്ണന്‍, യുവമോര്‍ച്ച അഖിലേന്ത്യ വൈസ്‌ പ്രസിഡണ്ട്‌ ഭൃഗുബക്ഷി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും. സമാപനസമ്മേളനം ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ആദ്യദിവസം ബി ജെപി അഖിലേന്ത്യ സെക്രട്ടറി പി.മുരളീധരറാവുവാണ്‌ ശിബിരം ഉദ്ഘാടനം ചെയ്തത്‌. ബിജെപി സംസ്ഥാന പ്രസിഡണ്ട്‌ വി.മുരളീധരന്‍, ദേശീയസമിതി അംഗം പി.കെ.കൃഷ്ണദാസ്‌ എന്നിവര്‍ ക്ലാസെടുത്തു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick