പാക്കിസ്ഥാനില്‍ പത്ത് ഭീ‍കരര്‍ കൊല്ലപ്പെട്ടു

Sunday 18 September 2011 11:45 am IST

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനില്‍ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ പത്ത് ഭീകരര്‍ കൊല്ലപ്പെട്ടു. വടക്കു പടിഞ്ഞാറന്‍ മേഖലയിലെ അഫ്ഗാന്‍ അതിര്‍ത്തിയില്‍ ചെക്പോസ്റ്റിന് സമീപമായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. അല്‍-ക്വയ്ദ അടക്കമുള്ള തീവ്രവാദ സംഘടനകളുടെ മുഖ്യകേന്ദ്രമാണ് ഈ പ്രദേശം. ഇന്ന്‌ പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്‌. വന്‍ ആയുധ ശേഖരങ്ങളുമായെത്തിയ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ ഒരു സുരക്ഷ സൈനികനും കൊല്ലപ്പെട്ടു. തെഹ്‌രിക് ഇ താലിബാന്‍, ലഷ്കര്‍ ഇ ഇസ് ലാം ഭീകര സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. അഫ്‌ഗാനിസ്ഥാന്‍ അതിര്‍ത്തിയോട്‌ ചേര്‍ന്ന്‌ ഖൈബര്‍ മേഖലയില്‍ ഗോത്ര സമാധാന സമിതിയും സുരക്ഷാ സൈനികരുടെയും നേതൃത്വത്തിലായിരുന്നു ചെക്ക്‌ പോസ്റ്റ്‌ പ്രവര്‍ത്തിപ്പിച്ചിരുന്നത്‌. ഗ്രനൈഡുകള്‍ ഉപയോഗിച്ചായിരുന്നു തീവ്രവാദികള്‍ ആക്രമണം നടത്തിയത്‌. ഗോത്രമേഖലയില്‍പ്പെട്ട നൂറോളം പേര്‍ ആക്രമണത്തെ തുടര്‍ന്ന്‌ ശക്തമായി തിരിച്ചടിച്ചു. ഇരുവിഭാഗങ്ങളും മണിക്കൂറുകളോളം രൂക്ഷമായ പോരാട്ടമാണ്‌ നടന്നത്‌. തുടര്‍ന്ന്‌ ഈ മേഖലയില്‍ വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും മറ്റു ഭീകരരെ പിടികൂടാന്‍ കഴിഞ്ഞില്ല.