ഹോം » സംസ്കൃതി » 

ബുദ്ധന്‍

September 18, 2011

ചില പുരാണങ്ങളില്‍ വിഷ്ണുവിന്റെ അവതാരമായി ബലരാമന്‌ പകരം ബുദ്ധനെ പറഞ്ഞുകാണുന്നു. ഈ പ്രതിപാദ്യത്തിന്‌ അപ്പുറം ബുദ്ധനെ പ്രകീര്‍ത്തിക്കുന്ന യാതൊന്നും തന്നെ പുരാണങ്ങളില്‍ കാണുന്നില്ല. വേദവിരുദ്ധമായ സിദ്ധാന്തം എന്ന നിലയിലാണ്‌ ബൗദ്ധം എന്ന പദത്തെ ഇതിഹാസപുരാണങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നത്‌. ബൗദ്ധസങ്കല്‍പമനുസരിച്ച്‌ ഗൗതമബുദ്ധന്‍ അവസാനത്തെ ബോധിസത്ത്വനാണ്‌. ഇതു മുമ്പായി 25 ബോധിസത്ത്വന്മാര്‍ വന്നിട്ടുണ്ട്‌.
ബൗദ്ധം ഒരു മതമായി സംഘടിതമാകുന്നത്‌ ഗൗതമബുദ്ധനോടുകൂടിയാണെന്ന്‌ മാത്രം പറയാം. ബുദ്ധമതത്തിന്റെ ചരിത്രം ഗൗതമബുദ്ധനും അനേകായിരം വര്‍ഷം പുറകോട്ട നീണ്ടുകിടക്കുന്നു. തപസ്സനുഷ്ഠിക്കുകയായിരുന്ന അസുരന്മാരുടെ ബുദ്ധിയെ വിഭ്രമിപ്പിച്ച്‌ അവരെ വേദമാര്‍ഗ്ഗത്തില്‍ നിന്ന്‌ ഭ്രഷ്ടരാക്കുന്നതിന്‌ വിഷ്ണു ഭഗവാന്‍ ബൗദ്ധവേഷത്തെ കൈക്കൊണ്ടതായി വിഷ്ണു പുരാണത്തില്‍ പറഞ്ഞിരിക്കുന്നു. കലിയുഗത്തില്‍ അധാര്‍മ്മികളെ വേദോക്തമാര്‍ഗ്ഗത്തില്‍ നിന്നും ഭ്രഷ്ടരാക്കുന്നതിന്‌ വേണ്ടിയാണ്‌ ഭഗവാന്‍ ബുദ്ധസന്യാസിയായി അവതരിക്കുന്നത്‌. ഭാഗവതത്തില്‍ ബുദ്ധന്റെ അവതാരത്തെ സംബന്ധിച്ചുള്ള പ്രതിപാദ്യം ഇപ്രകാരമാണ്‌.
ദേവദ്വിഷാംനിഗമവര്‍ത്മനി നിഷ്ഠിതാനാം
പൂര്‍ഭിര്‍മയേന വിഹിതാഭിരദൃശ്യതൂര്‍ഭിഃ
ലോകാന്‍ ഘ്നതാം മതിവിമോഹമതിപ്രലോഭം
വേഷം വിധായ ബഹുഭാഷ്യത ഔപധര്‍മ്യം
ദേവന്മാരുടെ ശത്രുക്കളും വേദമാര്‍ഗ്ഗത്തില്‍ നിഷ്ഠയോട്‌ കൂടിയവരും, മയനാല്‍ നിര്‍മ്മിക്കപ്പെട്ടതും, കാണാനാവാത്ത വേഗത്തോടുകൂടിയതുമായ പുരികളെകണ്ട്‌ ലോകരെ ഹനിക്കുന്നവരുമായവര്‍ക്ക്‌ വിഷ്ണുഭഗവാന്‍ ബുദ്ധസന്യാസിയായി അവതരിച്ച്‌ ബുദ്ധിയെ ഭ്രമിപ്പിക്കുന്നതും, പ്രലോഭിപ്പിക്കുന്നതുമായ പലവിധ പാഖണ്ഡ ധര്‍മ്മങ്ങളെയും ഉപദേശിക്കും.

Related News from Archive
Editor's Pick