ഹോം » ലോകം » 

ലിബിയന്‍ വിമതരും ഗദ്ദാഫി സേനയും തമ്മില്‍ സിര്‍തെയില്‍ പോരാട്ടം തുടരുന്നു

September 18, 2011

രിപ്പോളി: ലിബിയന്‍ ഏകാധിപതി മുഹമ്മര്‍ ഗദ്ദാഫിയുടെ ജന്മദേശമായ സിര്‍തെയില്‍ വിമതഗ്രൂപ്പുകളും, ഗദ്ദാഫി സേനയും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ തുടരുന്നതായി റിപ്പോര്‍ട്ട്‌. സില്‍തെയില്‍ പ്രവേശിക്കാനുള്ള വിമതരുടെ ശ്രമം, ഗദ്ദാഫി സേന ചെറുത്തതോടുകൂടിയാണ്‌ ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്‌. മലമ്പ്രദേശങ്ങളില്‍ തമ്പടിച്ചിരിക്കുന്ന ഗദ്ദാഫി സേനയുടെ പ്രത്യാക്രമണത്തെ തുടര്‍ന്ന്‌ വിമതസേന ചെറു ഗ്രൂപ്പുകളായി വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യതലസ്ഥാനവും ഭരണസിരാകേന്ദ്രവുമായ ട്രിപ്പോളിയിലും വ്യാപാര തലസ്ഥാനമായ ബെങ്കാസിയിലും പൂര്‍ണ്ണ അധീശത്വമുറപ്പിച്ചതിനുശേഷമാണ്‌ വിമത സേന സിര്‍തെയിലേക്ക്‌ നീങ്ങിയത്‌.
ഇതോടൊപ്പം രാജ്യത്തിന്റെ വിജനമേഖലകളില്‍ ഗദ്ദാഫി സേന ട്രഞ്ചുകള്‍ നിര്‍മ്മിച്ച്‌ ആക്രമണം ശക്തമാക്കുന്നതായും മാധ്യമങ്ങള്‍ പറയുന്നു. വിമതര്‍ രാജ്യതലസ്ഥാനത്തെത്തിയതോടുകൂടി ഒളിവില്‍ കടന്ന ഗദ്ദാഫി എവിടെയാണെന്നുള്ള കാര്യം ഇതേവരെ വെളിപ്പെട്ടിട്ടില്ല. സിര്‍തെയിലോ, ബാനിമാലിറ്റിലോ ഉള്ള രഹസ്യകേന്ദ്രങ്ങളൊന്നില്‍ ഗദ്ദാഫി ഒളിവില്‍ കഴിയുന്നുണ്ടെന്ന സൂചനയുണ്ടെന്നും എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനാവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും വിമത വക്താവ്‌ അറിയിച്ചു.
ഇതേസമയം കനത്ത പോരാട്ടം തുടരുന്ന സിര്‍തെയില്‍ നിന്ന്‌ ശക്തമായ തോതില്‍ തീയും പുകയും ഉയരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അറബ്‌ മാധ്യമങ്ങള്‍ പുറത്തുവിട്ടു. മെഷീന്‍ഗണ്ണുകളും റോക്കറ്റ്‌ ലോഞ്ചറുകളും പ്രവര്‍ത്തിക്കുന്നതിന്റെയും മെയിന്‍ സ്ഫോടനങ്ങളുടെയും ശബ്ദങ്ങള്‍ കിലോമീറ്ററുകള്‍ ദൂരത്തില്‍ വ്യാപിച്ചിട്ടുണ്ട്‌. സില്‍തെയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വസിക്കുന്നവരെല്ലാം തന്നെ ഒഴിഞ്ഞുപോയിട്ടുണ്ട്‌.

Related News from Archive
Editor's Pick