ഹോം » പ്രാദേശികം » എറണാകുളം » 

ശബരി റെയില്‍വേ: സ്ഥലം നല്‍കിയ ജനങ്ങള്‍ ദുരിതത്തില്‍

September 18, 2011

കൊച്ചി: അങ്കമാലി-ശബരി റെയില്‍വേ ലൈനിനുവേണ്ടി 2008 മുതല്‍ സ്ഥലത്തിന്റെ രേഖകളും ആധാരങ്ങളും കൈമാറി സമ്മതപത്രവും ഒപ്പിട്ട്‌ നല്‍കിയ വടക്കുംഭാഗം വില്ലേജിലെ അറുപത്‌ കുടുംബങ്ങള്‍ ആത്മഹത്യയുടെ വക്കിലാണ്‌.
2011 ജൂണ്‍ ആദ്യത്തില്‍ കെ.പി.ധനപാലന്‍ എംപിയും അന്‍വര്‍സാദത്ത്‌ എംഎല്‍എയും ജില്ലാ കളക്ടര്‍ എന്നിവര്‍ വടക്കുംഭാഗം വില്ലേജിലെ ചെങ്ങല്‍ പ്രദേശത്ത്‌ വരികയും പ്രദേശത്തെ ഭൂമി ഏറ്റെടുക്കാന്‍ 3.5 കോടി രൂപ ഒരുമാസത്തിനുള്ളില്‍ നല്‍കുമെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ മാസങ്ങള്‍ കഴിഞ്ഞിട്ടും 3.5 കോടി രൂപ ഇതുവരെ ജനങ്ങള്‍ക്ക്‌ ലഭിച്ചിട്ടില്ല. ഇതിനുശേഷമാണ്‌ 32 കോടി രൂപ അനുവദിച്ചുവെന്ന പ്രഖ്യാപനം ആഗസ്റ്റില്‍ വന്നത്‌. എന്നാല്‍ ഈ തുകയും ജനങ്ങള്‍ക്ക്‌ ലഭിച്ചിട്ടില്ല.
എന്നാല്‍ ഈ പ്രഖ്യാപനങ്ങള്‍ നടന്നുകൊണ്ടിരിക്കേ സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ സ്ഥലവില പരിശോധിക്കാന്‍ ഒരു അന്വേഷണസംഘത്തെ വിടുകയും ഇവര്‍ സ്ഥലം പരിശോധിക്കുകയും ചെയ്തു. ഇവര്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്‌ സ്ഥലവില അധികമാണെന്നാണ്‌. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഫാസ്റ്റ്ട്രാക്ക്‌ വില നല്‍കാന്‍ കഴിയുന്നില്ല എന്ന സമീപനമാണ്‌ റെയില്‍വേയുടെ ഭാഗത്തുനിന്നും വന്നിരിക്കുന്നത്‌. അതുകൊണ്ടുതന്നെ അശമന്നൂര്‍ വില്ലേജിലെ ജില്ലാതല പര്‍ച്ചേഴ്സ്‌ കമ്മറ്റി നിശ്ചയിച്ച വില പ്രഖ്യാപിക്കുന്ന യോഗം മാറ്റിവയ്ക്കുകയും ചെയ്തു.
എന്നാല്‍ 2008 ല്‍ പ്രഖ്യാപിച്ച വില 2011 ല്‍ അധികമാണെന്ന്‌ പറയുന്നത്‌ എന്തുകൊണ്ടാണെന്ന്‌ മനസ്സിലാവുന്നില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു. ഡിഎല്‍പിസിയും അതിനുശേഷം എസ്‌എല്‍ഇസിയും വടക്കുംഭാഗം വില്ലേജിലെയടക്കം സ്ഥലവില തീരുമാനിച്ചത്‌ റെയില്‍വേ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും അവരുടെ അറിവോടെയും സമ്മതത്തോടെയുമായിരുന്നു. ഇങ്ങനെ തീരുമാനിച്ച ഭൂമിവിലയെ സംബന്ധിച്ച്‌ ഇപ്പോള്‍ ആക്ഷേപം കൊണ്ടുവരുന്നത്‌ ഈ പദ്ധതി അട്ടിമറിക്കാന്‍ വേണ്ടിയാണെന്ന്‌ ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
റെയില്‍വേ ബജറ്റില്‍ ശബരി പാതയ്ക്ക്‌ അനുവദിച്ച 25 കോടി രൂപ വകമാറ്റിയതും ഇപ്പോഴും ഈ നിലപാടുകളും കൂട്ടിവായിക്കേണ്ടതാണ്‌. എന്നാല്‍ ഒരു റെയില്‍വേ പദ്ധതിതന്നെ അട്ടിമറിക്കാനും ജനങ്ങളെ ദുരിതത്തിലാക്കാനും റെയില്‍വേ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ ശക്തമായി പ്രതികരിക്കുവാന്‍ ചാലക്കുടി എംപി തയ്യാറാവാത്തത്‌ ദുരൂഹമാണ്‌.
ഈ സാഹചര്യത്തില്‍ 19 ന്‌ റെയില്‍വേ വകുപ്പ്‌ മന്ത്രി പങ്കെടുക്കുന്ന യോഗത്തില്‍ ശബരിപാത വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നും ജനങ്ങളുടെ ദുരിതങ്ങള്‍ പരിഹരിക്കാന്‍ യോഗത്തില്‍ തീരുമാനമെടുക്കണമെന്നും നാട്ടുകാര്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.
വടക്കുംഭാഗം വില്ലേജിലെ സ്ഥലവും വീടുകളും ഒരുമാസത്തിനുള്ള ഏറ്റെടുത്ത്‌ പണം നല്‍കുക, 2007 ലെ മാര്‍ക്കറ്റ്‌ വില പ്രകാരമാണ്‌ ഭൂമിവില നിശ്ചയിച്ചത്‌, 2011 വരെ വൈകിയതിനുകാരണം ജനങ്ങളല്ല ആയതിനാല്‍ 2011 ലെ മാര്‍ക്കറ്റ്‌വില അനുസരിച്ചുള്ള നഷ്ടപരിഹാരം ജനങ്ങള്‍ക്ക്‌ നല്‍കുക, പുനരധിവാസ പാക്കേജ്‌ പ്രകാരം വീട്‌ നഷ്ടപ്പെടുന്നവര്‍ക്ക്‌ വീട്‌ നിര്‍മിച്ച്‌ നല്‍കുക, റെയില്‍വേ തീരുമാനപ്രകാരം ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക്‌ തൊഴില്‍ നല്‍കുക എന്നീ ആവശ്യങ്ങളുമായി സമരത്തിനൊരുങ്ങുകയാണ്‌ സ്ഥലം നഷ്ടപ്പെട്ടവര്‍.

Related News from Archive
Editor's Pick