ഹോം » പൊതുവാര്‍ത്ത » 

വോട്ടിന് നോട്ട് : എം.പിമാര്‍ക്ക് പണം നല്‍കിയത് കോണ്‍ഗ്രസ്

September 19, 2011

ന്യൂദല്‍ഹി: 2008ലെ വിശ്വാസവോട്ടെടുപ്പ്‌ വേളയില്‍ വിജയിക്കാന്‍ ബി.ജെ.പി എം.പിമാര്‍ക്ക് പണം നല്‍കിയത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലാണെന്ന് അമര്‍സിങ്ങിന്റെ അഭിഭാഷകന്‍ രാം ജഠ്‌മലാനി കോടതിയില്‍ പറഞ്ഞു.

ഇതു കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണ്. എം.പിമാര്‍ക്ക്‌ പണം നല്‍കുന്ന ദൃശ്യങ്ങളില്‍ അമര്‍സിങ് ഇല്ലെന്നും അദ്ദേഹത്തിന്റെ ശബ്‌ദവും ഇല്ലെന്നും ജഠ്‌മലാനി വാദിച്ചു. അമര്‍ സിങ്ങിന്റെ വീട്ടില്‍ വച്ചാണ് പണം നല്‍കിയതെന്ന് രഹസ്യ ക്യാമറയില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതായി ദല്‍ഹി പോലീസ് വ്യക്തമാക്കിയതു തെറ്റാണെന്നും ജഠ്മലാനി കോടതിയില്‍ വാദിച്ചു. അമര്‍ സിങ്ങിന്റെ വീടല്ല, ലെ മെറിഡയന്‍ ഹോട്ടല്‍ ആണെന്ന് കോടതിയെ അദ്ദേഹം അറിയിച്ചു.

വോട്ടിന്‌ കോഴ കേസില്‍ ജാമ്യം തേടിയുള്ള അമര്‍ സിങിന്റെ ഹര്‍ജിയാണ്‌ കോടതിയുടെ പരിഗണനയിലുള്ളത്‌. ആരോഗ്യനില പരിഗണിച്ച്‌ നേരത്തെ അമര്‍ സിങ്ങിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അതിനിടെ വ്യക്തിപരമായ കാരണങ്ങളാല്‍ ഹാജരാകുന്നതില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സുധീന്ദ്ര കുല്‍ക്കര്‍ണി കോടതിയില്‍ അപേക്ഷ നല്‍കി.

കുല്‍ക്കര്‍ണി ഇപ്പോള്‍ അമേരിക്കയിലാണെന്നും ഇതുവരെ മടങ്ങിയെത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Related News from Archive
Editor's Pick