മരണം എഴുപത്‌ കവിഞ്ഞു

Monday 19 September 2011 11:14 pm IST

ന്യൂദല്‍ഹി: ഉത്തരേന്ത്യയിലും നേപ്പാള്‍, ടിബറ്റ്‌ മേഖലകളിലൂം ഞായറാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കവിഞ്ഞു. മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളില്‍ ഇന്നലെ ഭൂചലനം അനുഭവപ്പെട്ടു. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ഉത്തര, പൂര്‍വ്വേന്ത്യന്‍ ഭാഗങ്ങളില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ ഭൂചലനത്തില്‍ സിക്കിമില്‍ 50 പേരും ബീഹാര്‍, നേപ്പാള്‍, ടിബറ്റ്‌ എന്നിവടിങ്ങളില്‍ ഏഴുപേര്‍ വിതവും പശ്ചിമബംഗാളില്‍ ആറുപേരും കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്‌. മഹാരാഷ്ട്രയില്‍ ഇന്നലെ പുലര്‍ച്ചെയാണ്‌ റിക്ടര്‍ സ്കെയിലില്‍ 3.9 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്‌. ലത്തൂര്‍, പര്‍ബാനി, ഒമാനാബാദ്‌, സോളാപൂര്‍ ജില്ലകളില്‍ ഇത്‌ അനുഭവപ്പെട്ടു. രാവിലെ 6.22നുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ലത്തൂരായിരുന്നുവെന്ന്‌ സീസ്മോളജിക്കല്‍ മോണിറ്ററിങ്ങ്‌ സെന്റര്‍ അറിയിച്ചു. ചില ഗ്രാമങ്ങളില്‍ വീടുകള്‍ക്ക്‌ കേടുപാടുകള്‍ സംഭവിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. സിക്കിമിലാണ്‌ പ്രകൃതിദുരന്തം രൂക്ഷമായി അനുഭവപ്പെട്ടത്‌. ഇവിടെ മരണസംഖ്യ 35 കവിഞ്ഞു. റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തി. ടീസ്റ്റ ഊര്‍ജ ലിമിറ്റഡിന്റെ ബസില്‍ യാത്ര ചെയ്തിരുന്ന എട്ടുപേര്‍ മണ്ണിടിഞ്ഞുവീണ്‌ മരിച്ചതായി കരുതുന്നുവെന്ന്‌ 17 മൗണ്ടന്‍ ഡിവിഷന്‍ കമാണ്ടര്‍ മേജര്‍ ജനറല്‍ എസ്‌.സി. നരസിംഹന്‍ പറഞ്ഞു. റോഡുകള്‍ തകര്‍ന്നതും കനത്ത മണ്ണിടിച്ചിലും രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ദുഷ്കരമാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്‌. 2000ത്തിലേറെ ഭടന്മാര്‍ ഉള്‍പ്പെട്ട 'ഓപ്പറേഷന്‍ മദാഡ്‌' ഗാങ്ങ്ടോക്കിലും മറ്റ്‌ പ്രദേശങ്ങളിലും ആരംഭിച്ചതായി നരസിംഹന്‍ പറഞ്ഞു. ഭൂചലനം രൂക്ഷമായി അനുഭവപ്പെട്ട സിക്കിമിലെ തെക്ക്‌, പടിഞ്ഞാറ്‌ ജില്ലകളില്‍ സൈന്യത്തിന്‌ ഇനിയും എത്താന്‍ കഴിഞ്ഞിട്ടില്ല. തീസ്ത നദിക്കരയില്‍ സ്ഥിതിചെയ്യുന്ന വടക്കന്‍ ജില്ലയിലെ പട്ടണങ്ങളും ഗ്രാമങ്ങളുമായ റംഗ്പോ, ഡിക്ചു, സിങ്ങ്താം, ചുങ്ങ്താങ്ങ്‌ എന്നിവിടങ്ങളില്‍ വന്‍ ദുരന്തമാണ്‌ ഉണ്ടായിരിക്കുന്നത്‌. വടക്കന്‍ സിക്കിമില്‍ ഒറ്റപ്പെട്ടുപോയ 14 ടൂറിസ്റ്റുകളെ സൈന്യം രക്ഷപ്പെടുത്തി. പ്രതികൂല കാലാവസ്ഥമൂലം ഗാങ്ങ്ടോക്കിലേക്കുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയതിനാല്‍ നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ്‌ ഫോഴ്സിലെ 300 രക്ഷാപ്രവര്‍ത്തകര്‍ ബാഗ്ഡോഗ്ര വിമാനത്താവളത്തില്‍ തങ്ങിയിരിക്കുകയാണ്‌. ഗാങ്ങ്ടോക്കിലും പരിസരങ്ങളിലുമായി ഒട്ടേറെ കെട്ടിടങ്ങളും നിലംപൊത്തിയിട്ടുണ്ട്‌. സദര്‍ പോലീസ്‌ സ്റ്റേഷന്‍ നിലംപൊത്താറായി. രണ്ടുദശാബ്ദത്തിലെ ഏറ്റവും വലിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഗാങ്ങ്ടോക്കില്‍ നിന്ന്‌ 50 കിലോമീറ്റര്‍ അകലെ സിക്കിം-നേപ്പാള്‍ അതിര്‍ത്തിയില്‍ മാംഗാമിനും സക്യോങ്ങിനും മധ്യേയാണ്‌. സിക്കിമില്‍ വ്യാപകമായുണ്ടായ മണ്ണിടിച്ചിലും പേമാരിയും രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിഘാതം സൃഷ്ടിക്കുന്നുണ്ട്‌. ഇവിടെ തുടര്‍ ചലനങ്ങള്‍ അനുഭവപ്പെടുന്നതായും വാര്‍ത്തയുണ്ട്‌. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക്‌ അഞ്ചുലക്ഷം വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക്‌ 50,000 വീതവും നിസ്സാര പരിക്കുള്ളവര്‍ക്ക്‌ 25,000 രൂപ വീതവും മുഖ്യമന്ത്രി പവന്‍ കാംലിങ്‌ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്‌. പശ്ചിമബംഗാളില്‍ വടക്കന്‍ ബംഗാളിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഭൂചലനത്തില്‍ ആറുപേര്‍മരിച്ചു. മണ്ണിടിഞ്ഞുവീണ്‌ ദേശീയപാതകളായ 31 എ, 55 എന്നിവക്കുണ്ടായ തകരാറുകള്‍ പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമം നടക്കുകയാണ്‌. സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണെന്ന്‌ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ രണ്ടുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്‌. ബീഹാറില്‍ ദര്‍ഭംഗയില്‍ നാലുപേരും നവാഡ, നലാന്റ, ഭഗല്‍പൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവും മരിച്ചു. ദല്‍ഹിയിലും ബംഗ്ലാദേശിന്റെ ചില ഭാഗങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്‌. പത്തോളം പേര്‍ക്ക്‌ പരിക്കുണ്ട്‌. ഭൂചലനം അനുഭവപ്പെട്ട പ്രദേശങ്ങളിലെല്ലാം ജനങ്ങള്‍ ഇപ്പോഴും ഭീതിയിലാണ്‌. ഏഴുപേര്‍ കൊല്ലപ്പെട്ട ടിബറ്റില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടാവുകയും ഗതാഗത, ജല, ഊര്‍ജ വിതരണ സംവിധാനങ്ങളും വാര്‍ത്താവിനിമയ ബന്ധങ്ങളും തകര്‍ന്നതായി ചൈനീസ്‌ വാര്‍ത്താ ഏജന്‍സി സിന്‍ഹുവ വ്യക്തമാക്കി. കിഴക്കന്‍ നേപ്പാളിലെ ധന്‍കുട, ശംഖുവസഭ, യെല്‍ന്‍-ചോരാ ജില്ലകളിലായി മൂന്ന്‌ പേര്‍ മരിച്ചതായി ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ കാഠ്മണ്ഡുവില്‍ പറഞ്ഞു. ആസാം, മേഘാലയ, ത്രിപുര, ഝാര്‍ഖണ്ഡ്‌, ഉത്തര്‍പ്രദേശ്‌, രാജസ്ഥാന്‍, ചണ്ഡിഗഡ്‌ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ രണ്ടുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക്‌ ഒരുലക്ഷം വീതവും നല്‍കുമെന്ന്‌ പിഎംഒ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനിടെ, ഭൂകമ്പത്തിന്റെ മറവില്‍ ജല്‍പായ്ഗുരി ജയിലില്‍ നിന്ന്‌ തടവുകാര്‍ രക്ഷപ്പെടാന്‍ നടത്തിയ ശ്രമം വിഫലമായി. ഭൂകമ്പത്തില്‍ തകര്‍ന്ന ചില ജനലുകളും വാതിലുകളും വഴി 1100ഓളം തടവുകാരാണ്‌ പുറത്തുകടന്നത്‌. ജയില്‍ വാര്‍ഡന്മാരും ഗാര്‍ഡുകളും ഉടന്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയതായി ജല്‍പായ്ഗുരി സെന്‍ട്രല്‍ കറഷണല്‍ ഫോറം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.