ഹോം » പൊതുവാര്‍ത്ത » 

സിക്കിം ഭൂകമ്പം: രക്ഷാപ്രവര്‍ത്തനം പ്രഭവകേന്ദ്രത്തിനടുത്ത്‌

September 20, 2011

ഗാങ്ങ്ടോക്ക്‌: കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ സിക്കിമിലെ ഒറ്റപ്പെട്ട മലയിടുക്കുകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌. റിക്ടര്‍ സ്കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ സിക്കിമില്‍ 51 പേര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത്‌ ഒട്ടാകെ 79 പേരാണ്‌ മരിച്ചത്‌. തലസ്ഥാനമായ ഗാങ്ങ്ടോക്കിനേയും ഭൂകമ്പം ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടാക്കിയ മന്‍ഗനേയും യോജിപ്പിക്കുന്ന 65 കിലോമീറ്റര്‍ ദൂരം വരുന്ന റോഡ്‌ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇനിയും പാതയില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നു.
കാലാവസ്ഥയില്‍ ഉണ്ടായ അനുകൂലമായ മാറ്റത്തെത്തുടര്‍ന്ന്‌ ഒരു ചെറുസംഘം രക്ഷാപ്രവര്‍ത്തകരെ വിമാനമാര്‍ഗമെത്തിക്കാനായി. എന്നാല്‍ വടക്കന്‍ ഗ്രാമങ്ങളായ ചുങ്ങ്‌ താങ്ങിലെത്താന്‍ മൂന്ന്‌ നാല്‌ ദിവസമെടുക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു. ഈ ഗ്രാമത്തില്‍ ജനങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടതായി സംശയിക്കപ്പെടുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്രദേശത്തേക്ക്‌ പ്രവേശിക്കുന്നതോടെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന്‌ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിംഗ്‌ വാര്‍ത്താലേഖകരെ അറിയിച്ചു. ഭൂകമ്പബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഒരു വാര്‍ത്താ ലേഖകന്‍ ജനങ്ങള്‍ ഭയവിഹ്വലരായി വിള്ളല്‍ വീണ വീടുകളില്‍ കയറാതെ തുറസായ സ്ഥലങ്ങളില്‍ കഴിയുകയാണെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. പലരും ക്ഷേത്രസന്നിധിയിലോ റോഡുവക്കിലോ പൊതുസ്ഥലങ്ങളിലോ കൂടിയിരിക്കുകയാണ്‌. തുടര്‍ഭൂകമ്പങ്ങള്‍ ഉയരുന്നതിനിടയില്‍ ഇത്തരം സ്ഥലങ്ങളാണ്‌ അഭയത്തിന്‌ നല്ലതെന്ന്‌ അവര്‍ കരുതുന്നു. റോഡുകളിലെ തടസങ്ങള്‍ മാറ്റാന്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്‌. ഭൂകമ്പത്തില്‍ ഒറ്റപ്പെട്ടുപോയ വിദേശടൂറിസ്റ്റുകള്‍ക്ക്‌ ഇതുവരെ റോഡ്മാര്‍ഗം സിക്കിം വിട്ടുപോകാനായിട്ടില്ല. 22 യാത്രക്കാരുമായി വടക്കന്‍ സിക്കിമില്‍ കാണാതായ ഒരു ബസ്‌ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ദേശീയ ദുരന്ത പ്രതികരണസംഘവും സൈനികരും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്‌. എന്നാല്‍ പ്രവര്‍ത്തകരെ ഒറ്റപ്പെട്ട സ്ഥലത്തേക്ക്‌ എത്തിക്കുന്നതാണ്‌ തങ്ങള്‍ നേരിടുന്ന വെല്ലുവിളിയെന്ന്‌ സിക്കിം മന്ത്രി ജി.ബി. കാര്‍ക്കി അറിയിച്ചു.

Related News from Archive
Editor's Pick