ഹോം » പ്രാദേശികം » കോട്ടയം » 

മഞ്ഞപ്പിത്തം: ജില്ലയില്‍ പ്രതിരോധനടപടികള്‍ ശക്തമാക്കി

September 20, 2011

കോട്ടയം: ജില്ലയിലെ ചില പ്രദേശങ്ങളില്‍ അസാധാരണമായി മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ ജലജന്യരോഗങ്ങള്‍ നിയന്ത്രിക്കാനും പ്രതിരോധം ശക്തമാക്കാനും നടപടികള്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.എം.ഐഷാബായി അറിയിച്ചു. ജില്ലയിലെ ആരോഗ്യവകുപ്പിനു കീഴിലുളള എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലെയും മെഡിക്കല്‍ ഓഫീസര്‍മാരുടെ പ്രത്യേകയോഗം വിളിച്ച്‌ വേണ്ട നിര്‍ദ്ദേശം നല്‍കി. ജലജന്യരോഗങ്ങളെക്കുറിച്ച്‌ അംഗന്‍വാടികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ ക്ളാസുകള്‍ നടത്താനും ആരോഗ്യപ്രവര്‍ത്തകരുടെയും ആശാ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഭവനസന്ദര്‍ശനം നടത്തി നോട്ടീസുകള്‍ വിതരണം ചെയ്യാനും പഞ്ചായത്തുകളുമായി സഹകരിച്ച്‌ മൈക്ക്‌ അനൌണ്‍സ്മെണ്റ്റ്‌ നടത്താനും എല്ലാ കുടിവെളളസ്രോതസ്സുകളും അടിയന്തരമായി സൂപ്പര്‍ ക്ളോറിനേഷന്‍ ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ജലജന്യരോഗങ്ങള്‍ പകരാതിരിക്കാന്‍ കുടിവെളളം തിളിപ്പിച്ചാറിയശേഷം മാത്രം കുടിക്കുക, ആഹാരത്തിന്‌ മുമ്പും ശേഷവും മലവിസര്‍ജ്ജനത്തിന്‌ ശേഷവും കൈകള്‍ നന്നായി സോപ്പുപയോഗിച്ച്‌ കഴുകുക, തണുത്തതും പഴകിയതും തുറന്നുവച്ചതുമായ ആഹാരസാധനങ്ങള്‍, ശീതളപാനീയങ്ങള്‍ എന്നിവ കഴിക്കാതിരിക്കുക എന്നിവ നിര്‍ബന്ധമായും പാലിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ഡിഎംഒ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വൈക്കം മേഖലയിലുണ്ടായ മഞ്ഞപ്പിത്തബാധയില്‍ ഒരാള്‍ മരിച്ചിരുന്നു. പൊന്‍കുന്നത്തും ഒരു മരണം മഞ്ഞപ്പിത്തത്തേ തുടര്‍ന്ന്‌ സംഭവിച്ചിരുന്നു. വൈക്കത്ത്‌ കള്ളില്‍നിന്നാണ്‌ മഞ്ഞപ്പിത്തം വ്യാപിച്ചതെന്നാണ്‌ ആരോഗ്യവകുപ്പ്‌ കണ്ടെത്തിയത്‌. ശ്രീലങ്കയില്‍ നിന്ന്‌ ഇറക്കുമതി ചെയ്ത പേസ്റ്റ്‌ വെള്ളത്തില്‍ കലക്കിയാണ്‌ വ്യാജ കള്ള്‌ നിര്‍മ്മിക്കുന്നതെന്ന്‌ വാര്‍ത്തകളുണ്ടായിരുന്നു. ൫൦൦ ലിറ്റര്‍ കള്ള്‌ നിര്‍മ്മിക്കുവാന്‍ ഒരുകുപ്പി കള്ളും അല്‍പ്പം പേസ്റ്റും വെള്ളത്തില്‍ കലക്കിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍കൃത്രിമക്കള്ള്‌ തയ്യാറാകും. ആന്തരീയ അവയവങ്ങളെ മാരകമായി ബാധിക്കുന്ന ഇത്തരം വ്യാജ കള്ളുകള്‍ വൈക്കം ടൌണ്‍,വാഴമന,മാരാംവീട്‌,ടി.വി.പുരം മേഖലയിലാണ്‌ വില്‍ക്കുന്നത്‌. ഇവിടുന്നു സ്ഥരമായി കള്ളുകുടിച്ചിരുന്ന യുവാക്കള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക്‌ കരള്‍ സംബന്ധമായ അസുഖം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്‌.

Related News from Archive
Editor's Pick