ഹോം » പൊതുവാര്‍ത്ത » 

റബ്ബാനിയുടെ വധത്തെ ഒബാമ അപലപിച്ചു

September 21, 2011

വാഷിംഗ്‌ടണ്‍: അഫ്‌ഗാന്‍ മുന്‍ പ്രസിഡന്റ്‌ ബുര്‍ഹാനുദ്ദീന്‍ റബ്ബാനിയുടെ വധത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ അപലപിച്ചു. അഫ്‌ഗാനിസ്ഥാനില്‍ സുരക്ഷയും സമാധാനവും പുലരുന്നതിന്‌ അമേരിക്ക നല്‍കുന്ന സഹായങ്ങളില്‍ കുറവ്‌ വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണം നടന്നയുടന്‍ തന്നെ യു.എന്‍.ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയ അഫ്‌ഗാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായിയെ കണ്ട്‌ സംഭവത്തില്‍ നടുക്കവും ദു:ഖവും രേഖപ്പെടുത്തി. അഫ്‌ഗാനിലെ സമാധാന ശ്രമങ്ങള്‍ക്ക്‌ വിലയേറിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു റബ്ബാനിയെന്ന്‌ ഒബാമ പറഞ്ഞു.

ഇന്നലെയാണ്‌ കാബൂളിലെ വസതിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ റബ്ബാനി കൊല്ലപ്പെട്ടത്‌. തലപ്പാവിനുള്ളില്‍ ബോംബുമായി റബ്ബാനിയുടെ വസതിയില്‍ എത്തിയ ചാവേര്‍ ഭീകരന്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

കഴിഞ്ഞയാഴ്ച കാബൂളില്‍ യുഎസ്, നാറ്റോ കേന്ദ്രങ്ങളില്‍ ഭീകരാക്രമണം നടന്ന സ്ഥലത്തിനു സമീപമായിരുന്നു റബ്ബാനിയുടെ വസതി. 20 മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ അഞ്ചു പോലീസുകാരും 11 സാധാരണ ജനങ്ങളും കൊല്ലപ്പെട്ടിരുന്നു. ഒരേ സമയത്തു മൂന്നു സ്ഥലങ്ങളില്‍ നടന്ന ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹക്വാനി സംഘമാണെന്നു കരുതപ്പെടുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick