ഹോം » ലോകം » 

യെമനില്‍ സൈന്യം വെടിനിര്‍ത്തി

September 21, 2011

സന: സര്‍ക്കാര്‍ സൈന്യം പ്രകടനക്കാരുടെ താവളങ്ങള്‍ക്കുനേരെ വെടിവച്ചതിനെത്തുടര്‍ന്ന്‌ ഏഴുപേര്‍ കൊല്ലപ്പെട്ടതിനുശേഷം യെമന്‍ തലസ്ഥാനമായ സനയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയതായി റിപ്പോര്‍ട്ട്‌. പാശ്ചാത്യ രാജ്യങ്ങളുടെ പ്രതിനിധികളും യെമന്‍ വൈസ്‌ പ്രസിഡന്റുമാണ്‌ ചര്‍ച്ചകള്‍ക്ക്‌ മുന്‍കൈയെടുത്തത്‌. നഗരത്തിലെ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളിലേക്ക്‌ സര്‍ക്കാര്‍ സേനയും സായുധപ്രകടനക്കാരും തമ്മില്‍ മണിക്കൂറുകള്‍ നീണ്ട തെരുവ്‌ യുദ്ധത്തിനുശേഷം പ്രകടനക്കാര്‍ കടക്കാനുള്ള ശ്രമത്തിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച പ്രകടനക്കാര്‍ക്കുനേരെ സര്‍ക്കാര്‍ സേന വെടിവച്ചതിനെത്തുടര്‍ന്ന്‌ ഡസന്‍ കണക്കിനാളുകള്‍ മരണമടഞ്ഞു.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തുണ്ടായതില്‍വച്ച്‌ ഏറ്റവും വലിയ ദുരന്തമാണ്‌ ഈയടുത്ത ദിവസങ്ങളില്‍ അരങ്ങേറിയത്‌. പ്രസിഡന്റ്‌ അലി അബ്ദുള്ള സാല അധികാരം ഒഴിയണമെന്നാണ്‌ പ്രകടനക്കാര്‍ ആവശ്യപ്പെട്ടത്‌. പ്രസിഡന്റിന്റെ കൊട്ടാരത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ അദ്ദേഹം കഴിഞ്ഞ ജൂണ്‍ മുതല്‍ സൗദിഅറേബ്യയിലാണ്‌. ലഹളകള്‍ക്ക്‌ അന്ത്യംകുറിച്ച മധ്യസ്ഥശ്രമങ്ങളില്‍ വൈസ്‌ പ്രസിഡന്റ്‌ അബേദ്‌ റബ്ബോ മന്‍സൂര്‍ ഹഡിയും അമേരിക്കന്‍, ബ്രിട്ടീഷ്‌ അംബാസഡറന്മാരും പങ്കെടുത്തതായി പേര്‌ വെളിപ്പെടുത്താനാഗ്രഹിക്കാത്തഔദ്യോഗികവൃത്തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു.
കഴിഞ്ഞദിവസം ഐക്യരാഷ്ട്രസഭ പ്രതിനിധികളും ഗള്‍ഫ്‌ സഹകരണ കൗണ്‍സില്‍ പ്രതിനിധികളും യെമനില്‍ എത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പ്രഭാത പ്രാര്‍ത്ഥനക്കുശേഷം മടങ്ങുന്ന വിശ്വാസികള്‍ക്കുനേരെ റോക്കറ്റാക്രമണമുണ്ടായതായിരുന്നു സംഭവപരമ്പരകളുടെ തുടക്കം. ഇതിനെത്തുടര്‍ന്ന്‌ കലാപകാരികള്‍ക്ക്‌ നേരെയും അവരുടെ ക്യാമ്പുകള്‍ക്കുനേരെയും കെട്ടിടങ്ങളുടെ മട്ടുപ്പാവുകളില്‍നിന്ന്‌ സര്‍ക്കാര്‍ സേന വെടിയുതിര്‍ത്തിരുന്നു.

Related News from Archive
Editor's Pick