ഹോം » ലോകം » 

അഫ്ഗാനില്‍ കാര്‍ബോംബ്‌ സ്ഫോടനം: മുപ്പതോളം പേര്‍ കൊല്ലപ്പെട്ടു

June 25, 2011

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ലോഗര്‍ പ്രവിശ്യയിലുള്ള ആശുപത്രിയില്‍ നടന്ന കാര്‍ബോംബ്‌ സ്ഫോടനത്തില്‍ മുപ്പതോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. സ്ഫോടക വസ്തുക്കള്‍ നിറച്ച കാറുമായെത്തിയ ചാവേറാണ്‌ സ്ഫോടനം നടത്തിയതെന്നും സംഭവത്തില്‍ നാല്‍പതിലേറെ പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റതായും പ്രാദേശിക വക്താവ്‌ ദിന്‍ മുഹമ്മദ്‌ ദാര്‍വിഷ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവരും ഇവരെ സന്ദര്‍ശിക്കാനെത്തിയ ബന്ധുക്കളുമാണ്‌ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്‌. ഇതോടൊപ്പം താലിബാനാണ്‌ സ്ഫോടനത്തിന്‌ പിന്നിലെന്ന അഭ്യൂഹവും പരക്കുന്നുണ്ട്‌. എന്നാല്‍ താലിബാന്‍ അധികൃതര്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ചു. ആശുപത്രിക്ക്‌ നേര്‍ക്ക്‌ നടന്ന ബോംബാക്രമണം അപലപനീയമാണെന്നും താലിബാനെ കരിതേച്ചുകാണിക്കാനായിട്ടാണ്‌ ഇത്തരമൊരു സ്ഫോടനം നടത്തിയതെന്നും താലിബാന്‍ വക്താവ്‌ ഡബിഹുള്ള മുജാഹിദ്‌ പറഞ്ഞു. 2007 മുതല്‍ അഫ്ഗാനിസ്ഥാനില്‍ നടന്നിട്ടുള്ള സ്ഫോടനങ്ങളില്‍ വെച്ച്‌ ഏറ്റവും ശക്തിയേറിയ ഒന്നാണ്‌ ലോഗര്‍ പ്രവിശ്യയിലെ അസ്‌റ ജില്ലയിലുള്ള ആശുപത്രിക്ക്‌ നേരെ നടന്നതെന്നാണ്‌ യുണൈറ്റഡ്‌ നേഷന്‍സ്‌ അസിസ്റ്റന്‍സ്‌ മിഷന്‍ ഇന്‍ അഫ്ഗാനിസ്ഥാന്‍ (യുഎന്‍എഎംഎ) അഭിപ്രായപ്പെട്ടത്‌.
അഫ്ഗാനിസ്ഥാനിലെ സാധാരണക്കാര്‍ക്കുനേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ എന്തുവിലകൊടുത്തും തടയേണ്ടതാണെന്ന്‌ യുഎന്‍എഎംഎ വക്താവ്‌ ജോര്‍ജട്ട്‌ ഗഗ്നോണ്‍ അറിയിച്ചു. 2010-ല്‍ അഫ്ഗാനിസ്ഥാനില്‍ നടന്ന വിവിധ ആക്രമണങ്ങളില്‍ 2,800ഓളം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായാണ്‌ ഐക്യരാഷ്ട്രസഭ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌. അഫ്ഗാനിലെ താലിബാനുള്‍പ്പെടെയുള്ള വിവിധ ഭീകര ഗ്രൂപ്പുകള്‍ അഫ്ഗാന്‍ പോലീസിനും സൈന്യത്തിനുമെതിരെ നിരന്തരമായ ആക്രമണ പരമ്പരകള്‍ അഴിച്ചുവിടാറുണ്ട്‌. അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സേനയെ പൂര്‍ണമായും പിന്‍വലിക്കുമെന്നുള്ള ഒബാമയുടെ പ്രഖ്യാപനം പുറത്തുവന്നതിനുശേഷം അഫ്ഗാനില്‍ നടക്കുന്ന ആദ്യത്തെ ആസൂത്രിത ആക്രമണമാണ്‌ ആശുപത്രിക്ക്‌ നേരെ നടന്നത്‌.

Related News from Archive
Editor's Pick