ഹോം » പൊതുവാര്‍ത്ത » 

ദല്‍ഹി സ്ഫോടനം: പത്തുലക്ഷം വീതം നഷ്ടപരിഹാരത്തിന്‌ ഉത്തരവ്‌

September 21, 2011

ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതിയില്‍ കഴിഞ്ഞ ഏഴിനുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും അതീവ ഗുരുതരാവസ്ഥയിലായവര്‍ക്കും 10 ലക്ഷം രൂപ വിതം നഷ്ടപരിഹാരം കൊടുക്കാന്‍ കേന്ദ്ര-ദല്‍ഹി സര്‍ക്കാരുകള്‍ക്ക്‌ ഹൈക്കോടതി ഉത്തരവ്‌ നല്‍കി.
നഷ്ടപരിഹാരത്തുക ഇരുസര്‍ക്കാരുകളും തുല്യമായി പങ്കിടണമെന്ന്‌ ചീഫ്ജസ്റ്റിസ്‌ ദീപക്‌ മിശ്ര, ജസ്റ്റിസ്‌ സഞ്ജീവ്‌ ഖാന്ന എന്നിവരടങ്ങിയ ദല്‍ഹി ഹൈക്കോടതി ഡിവിഷന്‍ബെഞ്ച്‌ നിര്‍ദ്ദേശിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക്‌ മൂന്ന്‌ ലക്ഷവും നിസാര പരിക്കുള്ളവര്‍ക്ക്‌ 20,000 രൂപ വീതവും നല്‍കണം.
ഉചിതമായ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ രണ്ട്‌ സര്‍ക്കാരുകള്‍ക്കും കഴിഞ്ഞ 14 ന്‌ കോടതി നോട്ടീസയച്ചിരുന്നു. ഹൈക്കോടതി പരിസരത്തുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, ദല്‍ഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട്‌ പിടിയിലായ മൂന്ന്‌ ഭീകരരെ ദേശീയ അന്വേഷണ ഏജന്‍സി ദല്‍ഹിയില്‍ കൊണ്ടുവന്നു. ജമ്മുകാശ്മീരില്‍വെച്ച്‌ പിടിയിലായ ഷെയറെഖ്‌ അഹമ്മദ്‌, ആബിദ്‌ ഹുസൈന്‍, അമീര്‍ അബ്ബാസ്‌ ദേവ്‌ എന്നിവരെ ഡിഐജി മുകേഷ്സിംഗിന്റെ നേതൃത്വത്തിലുള്ള എന്‍ഐഎ സംഘമാണ്‌ ഇവിടെ എത്തിച്ചത്‌. ജമ്മുകാശ്മീര്‍ പോലീസും ഒപ്പമുണ്ടായിരുന്നു. പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ആവശ്യപ്പെട്ടേക്കും.

Related News from Archive
Editor's Pick