ഹോം » പ്രാദേശികം » എറണാകുളം » 

ജില്ലാ ആസൂത്രണ സെക്രട്ടറിയേറ്റ്‌ മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

September 21, 2011

കൊച്ചി: സംസ്ഥാനത്ത്‌ ആദ്യമായി നിര്‍മാണം പൂര്‍ത്തീകരിച്ച ജില്ലാ ആസൂത്രണ സെക്രട്ടറിയേറ്റ്‌ ഒക്ടോബര്‍ ഒന്നിന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന്‌ സമര്‍പ്പിക്കും.
കാക്കനാട്‌ സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ ആറ്‌ നിലകളിലായി 4842 ച.മീറ്റര്‍ വിസ്തീര്‍ണത്തില്‍ നിര്‍മിച്ച മന്ദിരത്തില്‍ ജില്ലാ ആസൂത്രണ ഓഫീസിനു പുറമെ, നഗര-ഗ്രാമാസൂത്രണ ഓഫീസും, ഇക്കണോമിക്സ്‌ ആന്റ്‌ സ്റ്റാറ്റിസ്റ്റിക്സ്‌ ഓഫീസും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ്‌ ഓഫീസും പ്രവര്‍ത്തിക്കും. ജില്ലാതല വികസന പദ്ധതികളുടെ ആസൂത്രണ-അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഒരേ കുടക്കീഴിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ആസൂത്രണ സെക്രട്ടറിയേറ്റിന്‌ രൂപം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്‌. കേന്ദ്ര പ്ലാനിംഗ്‌ കമ്മീഷനില്‍ നിന്നും ഈ ആശയത്തിനായി സംസ്ഥാന പ്ലാനിംഗ്‌ ബോര്‍ഡ്‌ വാങ്ങിയ ഒന്നരകോടി രൂപയും മന്ദിര നിര്‍മാണത്തിന്‌ ഉപയോഗപ്പെടുത്തിയിരുന്നതായി ജില്ലാ പ്ലാനിംഗ്‌ ഓഫീസര്‍ ആര്‍.ഗിരിജ പറഞ്ഞു. ഒക്ടോബര്‍ ഒന്നിന്‌ ഉച്ചയ്ക്ക്‌ രണ്ടിന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സിവില്‍സ്റ്റേഷന്‍ വളപ്പില്‍ നടക്കുന്ന ചടങ്ങില്‍ സെക്രട്ടറിയേറ്റ്‌ ഉദ്ഘാടനം ചെയ്യും.
ഗ്രാമവികസന-ആസൂത്രണ-പബ്ലിക്‌ റിലേഷന്‍സ്‌ മന്ത്രി കെ.സി.ജോസഫ്‌ ആധ്യക്ഷ്യത വഹിക്കും. മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്‌ കളക്ട്രേറ്റ്‌ ബി-2 ബ്ലോക്കിന്റെ സമര്‍പ്പണം നടത്തും. മന്ത്രിമാരായ കെ.ബാബു, ടി.എം.ജേക്കബ്‌ എന്നിവര്‍ വിശിഷ്ടാതിഥികളാകും. കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ്‌ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. ബന്നി ബഹ്നാന്‍ എം.എല്‍.എ ഉപഹാര സമര്‍പ്പണം നടത്തും. പ്ലാനിംഗ്‌ ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ കെ.എം.ചന്ദ്രശേഖര്‍, എം.പി.മാര്‍, എം.എല്‍.എ മാര്‍ മറ്റ്‌ ജനപ്രതിനിധികള്‍, ഉദ്യോസ്ഥ പ്രമുഖര്‍ തുടങ്ങിവയര്‍ പങ്കെടുക്കും.

Related News from Archive
Editor's Pick