ഹോം » പ്രാദേശികം » എറണാകുളം » 

സംസ്കരണ ചെലവ്‌ പ്രതികളില്‍നിന്നും ഈടാക്കുമെന്ന്‌ ജില്ലാ കളക്ടര്‍

September 21, 2011

കൊച്ചി: കിന്‍ഫ്രാ പാര്‍ക്കില്‍ മാലിന്യം തള്ളിയെന്ന പരാതിയില്‍ പ്രതികളെ പിടികൂടുന്ന പക്ഷം അവരില്‍ നിന്നു തന്നെ മാലിന്യം സംസ്കരിക്കുന്നതിനുള്ള തുക ഈടാക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക്‌ പരീത്‌ പറഞ്ഞു. നിലവില്‍ പോലീസ്‌ കേസ്‌ അന്വേഷിച്ചു വരികയാണ്‌. പ്രതികളെ ഉടന്‍ പിടികൂടാനുള്ള നിര്‍ദ്ദേശം പോലീസിനു നല്‍കും.
കിന്‍ഫ്രയുടെ സ്ഥലത്ത്‌ മൂന്ന്‌ ലോഡ്‌ മാലിന്യം തള്ളി എന്നതാണ്‌ പരാതി. പോലീസ്‌ കേസ്‌ നടക്കുന്നതിനാല്‍ തല്‍ക്കാലം കിന്‍ഫ്ര തന്നെ മാലിന്യം സംസ്കരിക്കും. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ സഹായത്തോടെയായിരിക്കും സംസ്കരണം. പ്രതികളെ പിടികൂടുന്ന പക്ഷം അവരില്‍ നിന്ന്‌ തുക ഈടാക്കും. തുക നല്‍കിയില്ലെങ്കില്‍ റവന്യു റിക്കവറി അടക്കമുള്ള നടപടികളിലേക്ക്‌ പോകുമെന്നും കളക്ടര്‍ പറഞ്ഞു.

കിന്‍ഫ്ര പ്രദേശത്ത്‌ നിന്നും സീപോര്‍ട്ട്‌ എയര്‍പോര്‍ട്ട്‌ റോഡിലേക്ക്‌ പ്രവേശിക്കുന്നതിനായി പുതിയ റോഡ്‌ നിര്‍മ്മിക്കുന്നതിലേക്കുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ തീരുമാനമായി. രണ്ട്‌ സ്ഥലമുടമകള്‍ക്ക്‌ അഞ്ച്‌ സെന്റ്‌ വീതം നല്‍കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക്‌ പരീത്‌ പറഞ്ഞു. എന്‍.എ.ഡി.ക്കടുത്തായി നല്‍കുന്ന സ്ഥലത്തിന്‌ പുറമെ കിന്‍ഫ്ര പാര്‍ക്കിന്റെ വകയായി ഓരോ ലക്ഷം രൂപയും നല്‍കാനും ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ അബൂബക്കര്‍.ടി.എസ്‌, കിന്‍ഫ്ര ടെക്നിക്കല്‍ മാനേജര്‍ പി.കെ.അമ്പിളി, കളമശ്ശേരി ആരോഗ്യ ഇന്‍സ്പെക്ടര്‍ അമ്പിളി കുമാരി, കൗണ്‍സിലര്‍ നസീമ മജീദ്‌ തുടങ്ങിയവര്‍ പങ്കെടുത്തു

Related News from Archive
Editor's Pick