എ.പി.എല്‍ വിഭാഗത്തിന്റെ അരിവിഹിതം കൂട്ടും

Thursday 22 September 2011 4:15 pm IST

ന്യൂദല്‍ഹി: സംസ്ഥാനത്തെ എ.പി.എല്‍ കുടുംബങ്ങള്‍ക്കുള്ള അരിവിഹിതം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു. പത്ത് കിലോ വിഹിതം 15 കിലോ ആയാണ് വര്‍ദ്ധിപ്പിക്കുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം കേന്ദ്രമന്ത്രി കെ.വി തോമസുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. പൊതുവിപണിയില്‍ വിറ്റഴിക്കുന്ന അരിയും ഗോതമ്പും കൂടുതലായി അനുവദിക്കാമെന്നും കെ.വി തോമസ് മന്ത്രിതല സംഘത്തിന് ഉറപ്പ് നല്‍കി. സംസ്ഥാനത്ത് കരാര്‍കൃഷി നടപ്പാക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി ശരത്പവാറിനോടും മന്ത്രിതല സമിതി ആവശ്യപ്പെട്ടു. നബാര്‍ഡ് മുഖേന സ്വാശ്രയസംഘങ്ങള്‍ നടപ്പാക്കുന്ന രീതിയിലായിരിക്കണം കരാര്‍ കൃഷി നടപ്പാക്കേണ്ടതെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി ആവശ്യപ്പെട്ടു. ഓരോ ജില്ലയിലെയും ഓരോ പഞ്ചായത്ത്‌ ഇതിനായി നബാര്‍ഡ്‌ ദത്തെടുക്കണമെന്നും മന്ത്രിമാര്‍ നിര്‍ദ്ദേശിച്ചു. വിദര്‍ഭ മോഡല്‍ പാക്കേജില്‍ പെടുത്തിയിട്ടുള്ള കേരളത്തിലെ പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകള്‍ക്ക് അധികമായി 320 കോടി രൂപയുടെ സഹായം നല്‍കണം. ഇടുക്കിയെ ക്ഷീരജില്ലയായി പ്രഖ്യാപിക്കുന്നതിന് 450 കോടി രൂപയുടെ സഹായം അനുവദിക്കണം തുടങ്ങിയ കാര്യങ്ങളും ശരത് പവാറിനോട് കേരള സംഘം ആവശ്യപ്പെട്ടു.