ഹോം » ഭാരതം » 

ആഗ്രയില്‍ ഉപയോഗിച്ച ബോംബ്‌ പ്രത്യേകതരത്തിലുള്ളത്‌

September 22, 2011

ആഗ്ര: സെപ്തംബര്‍ 17ന്‌ ആഗ്രയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഉപയോഗിച്ച ബോംബ്‌ പ്രത്യേക തരത്തിലുള്ളതായിരുന്നുവെന്ന്‌ അന്വേഷണ സംഘം കണ്ടെത്തി. പ്രാദേശിക വെല്‍ഡര്‍മാരെ ഇതുമായി ബന്ധപ്പെട്ട്‌ ചോദ്യംചെയ്തതായും അവര്‍ വെളിപ്പെടുത്തി.
ബോംബിന്റെ രൂപകല്‍പന പ്രത്യേകിച്ച്‌ അതിലെവെല്‍ഡിങ്ങ്‌ ഇവയാണു ശ്രദ്ധേയമായതെന്നും സ്ഫോടകവസ്തുവിന്‌ ഇലക്ട്രോണിക്‌ ഭാഗങ്ങളും വെല്‍ഡിങ്ങുള്ള ഭാഗവും ഉണ്ടെന്നും ഡിഐജി അസിം അരുണ്‍ വാര്‍ത്താലേഖകരെ അറിയിച്ചു. പ്രാദേശികമായ വെടിമരുന്നു നിര്‍മാതാക്കള്‍ ഉണ്ടാക്കിയപോലുള്ള ബോംബില്‍ അതിസങ്കീര്‍ണമായ വിളക്കിചേര്‍ക്കല്‍ പ്രക്രിയ നടത്തിയിട്ടുണ്ടെന്ന്‌ പോലീസ്‌ കണ്ടെത്തി. താജ്‌ മഹലിന്‌ 2.5 കിലോമീറ്റര്‍ അകലെ ജയ്‌ ആശുപത്രിയുടെ റിസപ്ഷനിലാണ്‌ സപ്തംബര്‍ 17ന്‌ വൈകിട്ട്‌ 5.30ന്‌ സ്ഫോടനം നടന്നത്‌. താജ്‌ മഹലില്‍ അയിരക്കണക്കിനു വിദേശീയരും സ്വദേശിയരുമായ വിനോദ സഞ്ചാരികള്‍ സദാ സന്ദര്‍ശിക്കുന്നുവെന്നതാണ്‌ സ്ഫോടനത്തെ കൂടുതല്‍ ഭീകരമാക്കുന്നത്‌. കേസന്വേഷണത്തിന്റെ ഭാഗമായി പ്രാദേശിക വെല്‍ഡിംഗ്‌ ജോലിക്കാരെ ചോദ്യം ചെയ്യുകയും സ്ഫോടന സ്ഥലത്തിനു ചുറ്റുമുള്ള ആയിരത്തോളം മൊബെയില്‍ ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കുകയും ചെയ്തു കഴിഞ്ഞു. നാലു പേര്‍കൊല്ലപ്പെട്ട സ്ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക്‌ മുഖ്യമന്ത്രിമായാവതി ഒരു ലക്ഷം രൂപ വീതവും, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന്‌ 50000 രൂപ വീതവും അനുവദിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സ്ഫോടനത്തെക്കുറിച്ച്‌ എന്തെങ്കിലും തെളിവുകള്‍ നല്‍കുന്നവര്‍ക്ക്‌ ഡിജിപി ബ്രിജ്ലാല്‍ വര്‍മ ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്‌. ദേശീയ സുരക്ഷ ഗാര്‍ഡുകള്‍ ദേശീയ അന്വേഷണ ഏജന്‍സി, ഭീകര വിരുദ്ധ സ്ക്വാഡ്‌ പ്രത്യേക അന്വേഷണ സംഘം, ഇന്റലിജെന്‍സ്ബ്യൂറോ, ഫോറെന്‍സിക്‌ ലാബറട്ടറി. ഇവ സംയുക്തമായി കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌. കൂടാതെ കേന്ദ്ര ഏജന്‍സികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ റിപ്പോര്‍ട്ട്‌ കൈമാറുമെന്ന്‌ വക്താവ്‌ അറിയിച്ചു. സ്ഫോടനത്തിന്റെ കാരണമായി നഴ്സിങ്ങ്‌ ഹോമുകള്‍ തമ്മിലുള്ള കിടമത്സരമാണ്‌ ആദ്യം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്‌. പക്ഷേ അത്‌ ഇപ്പോള്‍ പ്രസക്തമല്ലാതായിരിക്കുന്നു. പോലീസ്‌ സംഘങ്ങളെ അന്വേഷണത്തിനായി ബറേലി, കാണ്‍പൂര്‍, ദെല്‍ഹി എന്നിവിടങ്ങളിലേക്കയച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related News from Archive
Editor's Pick