ഹോം » പ്രാദേശികം » എറണാകുളം » 

മരട്‌ നഗരസഭയില്‍ പ്രതിപക്ഷം നിഷ്ക്രിയമെന്ന്‌ ആക്ഷേപം

September 22, 2011

മരട്‌: മരട്‌ നഗരസഭയിലെ സിപിഎം നേതൃത്വത്തിലുള്ള പ്രതിപക്ഷം നിഷ്ക്രിയമെന്ന്‌ പരക്കെ ആക്ഷേപം. ഭരണത്തിലേറി 11 മാസം പൂര്‍ത്തിയായിട്ടും കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊന്നും തുടക്കം കുറിക്കാത്ത കോണ്‍ഗ്രസ്‌ ഭരണത്തിനെതിരെ ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷത്തിന്റെ നഗരസഭാ പ്രതിപക്ഷത്തിന്‌ കഴിയുന്നില്ലെന്നാണ്‌ പ്രധാന ആരോപണം.
കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ ഭരണം നടക്കുന്ന മരടിലെ ആദ്യനഗരസഭാ കൗണ്‍സിലില്‍ 10 അംഗങ്ങളാണ്‌ പ്രതിപക്ഷമായ ഇടതുപക്ഷത്തിനുള്ളത്‌. 23 അംഗങ്ങളുടെ പിന്തുണയോടെയാണ്‌ കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ ചെയര്‍മാന്‍സ്ഥാനത്തിരുന്ന്‌ മുനിസിപ്പാലിറ്റിയില്‍ ഭരണം നടത്തുന്നത്‌. മരട്‌ ഗ്രാമപഞ്ചായത്തായിരുന്നപ്പോള്‍ ക്ലോസ്‌ ചെയ്ത വിപിഎഫ്‌ അക്കൗണ്ടിന്‌ പകരമായി നഗരസഭയുടെ ധനവിനിയോഗത്തിനുള്ള അക്കൗണ്ട്‌ തുറക്കുവാന്‍ കൗണ്‍സില്‍ ഭരണസമിതിക്ക്‌ നാളിതുവരെ സാധിച്ചിട്ടില്ലെന്നത്‌ തര്‍ക്കവിഷയമായി തുടരുകയാണ്‌. നഗരസഭ എന്ന നിലയിലുള്ള വികസന കാര്യങ്ങളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങുവാന്‍ നഗരസഭാ ഭരണത്തിന്‌ കഴിയാതിരുന്നിട്ടും ഇതുസംബന്ധിച്ച ആക്ഷേപങ്ങള്‍ പരസ്യമായി ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന്‌ കഴിഞ്ഞിട്ടില്ല എന്നത്‌ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
നഗരസഭയിലെ മുഖ്യപ്രതിപക്ഷ കക്ഷിയായ സിപിഎമ്മിനകത്തും പ്രതിപക്ഷത്തിന്റെ നിലപാടില്‍ അതൃപ്തിയുള്ളതായാണ്‌ വിവരം. കൊച്ചി കോര്‍പ്പറേഷനിലേതിനു സമാനമായ രീതിയില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ ഭരണപക്ഷത്തോട്‌ ഏറ്റുമുട്ടാതെ സമരസപ്പെട്ടു മുന്നോട്ടുപോവുന്ന നിലപാടാണ്‌ നഗരസഭയിലെ സിപിഎമ്മും സിപിഐയും സ്വീകരിച്ചിരിക്കുന്നത്‌ എന്നാണ്‌ മുഖ്യ ആരോപണം. ഭരണപരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ നഗരസഭാ ചെയര്‍മാന്‍ രാജിവെക്കണമെന്ന്‌ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ട പ്രതിപക്ഷം ഇക്കാര്യം കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചിരുന്നില്ലെന്നാണ്‌ നഗരസഭാ ചെയര്‍മാന്റെ വെളിപ്പെടുത്തല്‍.

Related News from Archive
Editor's Pick