ഹോം » പ്രാദേശികം » എറണാകുളം » 

നവോത്ഥാന പഠനകേന്ദ്രങ്ങള്‍ പുനഃസ്ഥാപിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യം: കെ.എം. റോയ്‌

September 22, 2011

ആലുവ: അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അടിമത്വത്തിലും നൂറ്റാണ്ടുകളായി കഴിഞ്ഞിരുന്ന ജനസമൂഹത്തെ ഇന്ന്‌ കാണുന്ന പ്രബുദ്ധതയിലേക്ക്‌ നയിച്ച നവോത്ഥാന നായകരുടെ പഠനകേന്ദ്രങ്ങള്‍ പുനഃസ്ഥാപിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം. റോയ്‌ അഭിപ്രായപ്പെട്ടു. നവോത്ഥാന നായക പഠനകേന്ദ്രങ്ങള്‍ പുനഃസ്ഥാപിച്ചുകിട്ടുന്നതിനുള്ള സമരത്തിന്റെ ഭാഗമായി ആലുവ മേഖല കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ ഡോ. പല്‍പു മെമ്മോറിയല്‍ ഹാളില്‍ നടന്ന ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീശങ്കരാചാര്യര്‍, ശ്രീനാരായണഗുരു, മഹാത്മാഗാന്ധി, അയ്യന്‍കാളി, ചട്ടമ്പിസ്വാമികള്‍, ആഗമാനന്ദസ്വാമികള്‍ എന്നീ നവോത്ഥാന നായകന്മാരുടെ പഠനകേന്ദ്രങ്ങളും ഇന്റര്‍ റിലീജിയന്‍ പഠനകേന്ദ്രവും നിര്‍ത്തലാക്കിയ സംസ്കൃത സര്‍വകലാശാലയുടെ നടപടി സാംസ്കാരിക കേരളത്തോടുള്ള വെല്ലുവിളിയും സംസ്കൃത സര്‍വ്വകലാശാലയുടെ സ്ഥാപിത ലക്ഷങ്ങള്‍ക്ക്‌ നേരെയുള്ള അട്ടിമറിയുമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ആലുവ എസ്‌എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ.എല്‍. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്‌എസ്‌ താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ എ.ബി. വിശ്വനാഥ മേനോന്‍, മണി പുക്കോട്ടില്‍, ഡോ. പി.ജി. ഷൈന്‍, കെ.കെ. ബാബു, കെ.എസ്‌.ആര്‍. പണിക്കര്‍, പ്രൊഫ. പി.വി. പീതാംബരന്‍, യു.പി. രാജന്‍, എ.ആര്‍. നാരായണന്‍, വിജയന്‍ കുളത്തേരി, എ. ഗോപിനാഥന്‍, ഷൈല സോമന്‍, കെ. രാഘവന്‍, വിജയന്‍ കോഴിക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related News from Archive
Editor's Pick