ഹോം » പൊതുവാര്‍ത്ത » 

വിമതര്‍ ജുഫ്‌റ പിടിച്ചെടുത്തു ; വന്‍ രാസായുധ ശേഖരം കണ്ടെത്തി

September 23, 2011

ട്രിപ്പോളി: മുന്‍ ഭരണാധികാരി മുവാമ്മര്‍ ഗദ്ദാഫിയുടെ അവസാ‍ന ശക്തികേന്ദ്രമായ ജുഫ് റ മരുപ്രദേശം വിമത സൈന്യം പിടിച്ചെടുത്തു. രാസായുധങ്ങള്‍ ഉള്‍പ്പടെയുള്ളവ ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. 2300 കോടി ഡോളര്‍ ലിബിയന്‍ കേന്ദ്ര ബാങ്കില്‍ നിന്നും കണ്ടെത്തിയത് വിമതരുടെ ഇടക്കാല സര്‍ക്കാരിന് സഹായകമായി.

സഹാറ മരുഭൂമിയിലെ ജുഫ്‌റ മേഖലയും സാംബ പ്രദേശത്തിന്റെ മുക്കാല്‍ ഭാഗവും പിടിച്ചെടുത്തെന്നാണ് ഗദ്ദാഫി വിരുദ്ധ സൈനിക വക്താവ് അവകാശപ്പെട്ടത്. ഇവിടത്തെ രാസായുധ ശാല തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് വക്താവ് പറഞ്ഞു. ആണവ വിരുദ്ധ പരിപാടിയുടെ ഭാഗമായി പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒട്ടേറെ രാസായുധ ശേഖരം 2004ല്‍ ലിബിയ നശിപ്പിച്ചിരുന്നു. ബാക്കിയുള്ളവയാണ് ജുഫ്‌റയിലെ ശേഖരം.

പത്ത് ടണ്ണിന് അടുത്തുവരുന്ന രാസായുധങ്ങള്‍ ലിബിയയുടെ ഒളിസങ്കേതങ്ങളില്‍ സൂക്ഷിച്ചുവെന്നാണ് രാസായുധ വിരുദ്ധ സംഘടന പറയുന്നത്. സാംബ നഗരത്തില്‍ വിമാനത്താവളം ഉള്‍പ്പടെ പ്രധാന കേന്ദ്രങ്ങളെല്ലാം ഗദ്ദാഫി വിരുദ്ധ സേനയുടെ നിയന്ത്രണത്തിലാണ്. എന്നാല്‍ മറ്റ് പ്രദേശങ്ങളില്‍ ഗദ്ദാഫി അനുകൂലികളുടെ പ്രതിരോധം തുടരുകയാണ്.

കടുത്ത പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് 2300 കോടി ഡോളര്‍ ലിബിയന്‍ കേന്ദ്ര ബാങ്കില്‍ ചെലവഴിക്കപ്പെടാതെ കണ്ടെത്തിയത്. രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിന് ഈ തുക ചെലവഴിക്കാമെന്നാണ് കണക്ക് കൂട്ടല്‍. ആറു മാസം വരെ രാജ്യത്തെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പണം തികയുമെന്നു ദേശീയ പരിവര്‍ത്തന സമിതി അവകാശപ്പെടുന്നു.

Related News from Archive
Editor's Pick