ഹോം » പൊതുവാര്‍ത്ത » 

കെ.പി.സി.സി പുനസംഘടന ഉടന്‍; ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കും

September 23, 2011

ന്യൂദല്‍ഹി: കെ.പി.സി.സി പുന:സംഘടന ഈ മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി. പാര്‍ട്ടിയില്‍ ‘ഒരാള്‍ക്ക്‌ ഒരു പദവി’ നടപ്പാക്കാന്‍ തീരുമാനിച്ചതായി കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരാള്‍ക്ക്‌ ഒരു പദവി എന്ന രീതി നടപ്പാക്കാന്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്‌. എന്നാല്‍ ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയിലെ എല്ലാ നേതാക്കളുമായി ചര്‍ച്ച നടത്തി മാത്രമെ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ഈ മാസം 26ന്‌ എം.എല്‍.എമാരോടും എം.പിമാരോടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റും ചര്‍ച്ച നടത്തുമെന്നും രമേശ്‌ ചെന്നിത്തല അറിയിച്ചു.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റുമാരെയും കെ.പി.സി.സി ഭാരവാഹികളെയും എ.ഐ.സി.സി അംഗങ്ങളെയും നിശ്ചയിക്കേണ്ടതുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. ബോര്‍ഡ്‌ കോര്‍പ്പറേഷന്‍ ഭാരവാഹിത്വം വഹിക്കുന്നവരെ പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക്‌ പരിഗണിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്ത്‌ പനി പടര്‍ന്നു പിടിക്കുന്നതില്‍ രാഷ്‌ട്രീയം കലര്‍ത്തരുതെന്നും ചെന്നിത്തല പറഞ്ഞു. മൂന്ന്‌ മാസം പ്രായമുള്ള സര്‍ക്കാരിന്റെ കുഴപ്പം കൊണ്ടല്ല പനി പടരുന്നത്‌. പനി നേരിടുന്നതിന്‌ സര്‍ക്കാര്‍ ആവശ്യമായ പ്രതിരോധനടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്‌. പനി നേരിടുന്നിന്‌ ഒരുമിച്ചു നില്‍ക്കുകയാണ്‌ വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടതികളോട്‌ യു.ഡി.എഫിന്‌ എന്നും ബഹുമാനമാണ്‌. പി.സി.ജോര്‍ജ്ജ്‌ വിജിലന്‍സ്‌ ജഡ്ജിക്കെതിരെ പരാതി നല്‍കിയത്‌ അറിയില്ലെന്നും ഒരു ചോദ്യത്തിന്‌ മറുപടിയായി ചെന്നിത്തല പറഞ്ഞു.

Related News from Archive

Editor's Pick