ഹോം » പൊതുവാര്‍ത്ത » 

സ്വതന്ത്ര രാഷ്ട്രപദവി ആവശ്യപ്പെടുന്ന കത്ത് പാലസ്തീന്‍ കൈമാറി

September 24, 2011

യു.എന്‍ : പാലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് പാലസ്തീന്‍ പ്രസിഡന്റ് മെഹ്മൂദ് അബ്ബാസ് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനു കൈമാറി. പാലസ്തീന്റെ അപേക്ഷ ഐക്യരാഷ്ട്രസഭ തിങ്കളാഴ്ച പരിഗണിക്കും.

പ്രസിദന്റ് മെഹ്മൂദ് അബ്ബാസും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യു.എന്‍ പൊതുസഭയില്‍ സംസാരിച്ചു. പാലസ്തീന്‍ അനുഭവിക്കുന്ന പ്രശ്നങ്ങളില്‍ ലോകത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ആഗ്രഹമുണ്ടെന്നു മെഹ്മൂദ് അബ്ബാസ് പറഞ്ഞു. അടിച്ചമര്‍ത്തലിന്റെയും അധിനിവേശത്തിന്റെയും വേദനകള്‍ തുടച്ചു നീക്കി പാലസ്തീനെ അംഗീകരിക്കണം.

ഇസ്രായേലിനു മുന്നില്‍ സമാധാനത്തിനായി വാതിലുകള്‍ തുറക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കത്ത് കൈമാറിയ ശേഷം മെഹ്മൂദ് അബ്ബാസ് പറഞ്ഞു. അതേസമയം ചര്‍ച്ചകള്‍ക്ക് തയാറാകാത്ത പാലസ്തീന്റെ നിലപാടാണ് പ്രശ്നം വഷളാക്കിയതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കുറ്റപ്പെടുത്തി.

യുഎന്‍ വേദിയില്‍ വേണമെങ്കില്‍ ചര്‍ച്ചകളാകാം. ജൂത രാജ്യമായ ഇസ്രായേലിനെ അംഗീകരിക്കാന്‍ പാലസ്തീന്‍ തയാറാകണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു. ഇതിനിടെ ഒരു മാസത്തിനകം പാലസ്തീനും ഇസ്രായേലും സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നു അമേരിക്കയും റഷ്യയും യൂറോപ്യന്‍ യൂണിയനും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച രക്ഷാസമിതി പാലസ്തീന്റെ അപേക്ഷ പരിഗണിക്കുമ്പോള്‍ അമേരിക്ക വീറ്റോ ചെയ്യാനുള്ള സാധ്യത തന്നെയാണ് കൂടുതല്‍.

Related News from Archive
Editor's Pick