ഹോം » പൊതുവാര്‍ത്ത » 

തിരുപ്പൂര്‍ മിനി മുത്തൂറ്റില്‍ വന്‍ കവര്‍ച്ച

September 24, 2011

കോയമ്പത്തൂര്‍: തിരുപ്പൂരില്‍ മിനി മുത്തൂറ്റ്‌ ശാഖയില്‍ നിന്ന്‌ ജീവനക്കാരെ കെട്ടിയിട്ട്‌ 1074 പവന്‍ സ്വര്‍ണവും 2.34 ലക്ഷം രൂപയും കവര്‍ന്നു. തിരുപ്പൂര്‍ കങ്കയം റോഡിലെ പത്‌മിനി ഗാര്‍ഡനിലുള്ള ശാഖയില്‍ രാവിലെ എട്ടരമണിക്കാണ് നഗരത്തെ നടുക്കിയ കവര്‍ച്ച നടന്നത്.

ബൈക്കിലെത്തിയ ആറംഗ സംഘം ജീവനക്കാരെ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി കെട്ടിയിട്ട് വായ് മൂടിക്കെട്ടിയ ശേഷം കവര്‍ച്ച നടത്തുകയായിരുന്നു. ജീവനക്കാരില്‍ നിന്ന്‌ താക്കോല്‍ തട്ടിയെടുത്ത മോഷ്ടാക്കള്‍ ലോക്കര്‍ തുറന്നാണ്‌ സ്വര്‍ണവും പണവും കവര്‍ന്നത്‌. അകത്ത് കവര്‍ച്ച നടക്കുമ്പോള്‍ സംഘത്തിലൊരാള്‍ പുറത്ത് കാവല്‍ നില്‍ക്കുകയും ഇടപാടുകള്‍ക്ക് എത്തിയവരെ അകത്ത് യോഗം നടക്കുകയാണെന്ന് പറഞ്ഞ് മടക്കി അയയ്ക്കുകയും ചെയ്തു.

കവര്‍ച്ചക്കാര്‍ സ്വര്‍ണ്ണവും പണവുമായി കടന്ന ശേഷം ജീവനക്കാരില്‍ ഒരാള്‍ നിരങ്ങിനീങ്ങി പുറത്തെത്തുകയും ആളുകളെ വിവരമറിയിക്കുകയുമായിരുന്നു. ശാഖയില്‍ രാവിലെ മാനേജര്‍ എത്തിയയുടനെ കവര്‍ച്ചാ സംഘം ആക്രമണം നടത്തിയെന്നാണ്‌ കരുതുന്നത്‌. കോയമ്പത്തൂര്‍ ഡി.ഐ.ജി, ഈറോഡ്‌ എസ്‌.പി എന്നിവര്‍ സ്ഥലത്തെത്തി. മോഷ്ടാക്കളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

തിരുപ്പൂര്‍, ഈറോഡ്, കോയമ്പത്തൂര്‍ ജില്ലകളില്‍ മോഷ്ടാക്കള്‍ക്കായി കര്‍ശന പരിശോധനയാണ് നടത്തുന്നത്. എല്ലാ വാഹനങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതുവരെയും മോഷ്ടാക്കളെ കുറിച്ച് ഒരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല.

Related News from Archive
Editor's Pick