2ജി സ്രാവ്‌

Saturday 24 September 2011 10:20 pm IST

തമിഴ്‌നാട്ടിലെ ശിവഗിരിജില്ലയിലെ കണാടുകാതില്‍ 1945 സെപ്തംബര്‍ 16-ാ‍ം തിയതി ചെട്ടിനാട്ടെ പ്രഭുകുടുംബത്തില്‍ പളനിയപ്പന്‍ ചിദംബരം ജനിച്ചു. ചെന്നൈയിലെ മദ്രാസ്‌ ക്രിസ്ത്യന്‍ കോളേജ്‌ ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം പ്രസിഡന്‍സികോളേജില്‍ നിന്ന്‌ സ്റ്റാറ്റിസ്ക്സില്‍ ബിരുദവും മദ്രാസ്‌ ലോകോളേജില്‍ നിന്ന്‌ നിമയമബിരുദവും ഹാര്‍ഡ്‌വാര്‍ഡ്‌ ബിസിനസ്‌ സ്കൂളില്‍ നിന്ന്‌ എംബിഎയും നേടി.
പഠനത്തിനുശേഷം ചെന്നൈ ഹൈക്കോടതിയില്‍ ചിദംബരം പ്രാക്ടീസ്‌ ആരംഭിച്ചു. 1984ല്‍ മുതിര്‍ന്ന അഭിഭാഷകനായി സുപ്രീം കോടതിയിലും ഇന്ത്യയിലെ വിവിധ ഹൈക്കോടതികളിലും കേസുകള്‍ കൈകാര്യം ചെയ്തു. 1984ല്‍ ശിവഗംഗയില്‍നിന്നുള്ള ലോകസഭാംഗമായി. 1988, 1991, 1996, 1998, 2004, 2009 വര്‍ഷങ്ങളില്‍ അതേമണ്ഡലത്തെ പ്രതിനിധീകരിച്ചു. എം.ആര്‍.എഫ്‌ സ്ഥാപനങ്ങളുടെ തൊഴിലാളിനേതാവെന്ന നിലയില്‍ ശ്രദ്ധേയനായ അദ്ദേഹം തമിഴ്‌നാട്‌ യൂത്ത്കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌, തമിഴ്‌നാട്‌ കോണ്‍ഗ്രസ്‌ കമ്മറ്റിയുടെ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
1985 സപ്തംബര്‍ 21ന്‌ രാജീവ്‌ ഗാന്ധി മന്ത്രിസഭയില്‍ വാണിജ്യ ഉപമന്ത്രിയായി. ഈ കാലഘട്ടത്തില്‍ രാജ്യത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച്‌ ശ്രീലങ്കയുടെ തേയിലക്ക്‌ ഇന്ത്യയില്‍ നല്‍കേണ്ട വില നിശ്ചയിച്ചതിനെ തങ്ങളുടെ വ്യാപാരത്തിലുള്ള കടന്നുകയറ്റമായി ശ്രീലങ്ക കരുതി. പൊതുപരാതി, പെന്‍ഷന്‍ വകുപ്പുകളുടെ മന്ത്രിയായി ചിദംബരം 1986ല്‍ ഉയര്‍ത്തപ്പെട്ടു. 1986 ഒക്ടോബര്‍ മുതല്‍ ആഭ്യന്തരകാര്യ സഹമന്ത്രിയായി. ജൂണ്‍ 1991-ല്‍ വാണിജ്യവകുപ്പില്‍ സ്വതന്ത്രചുമതലയുള്ള സഹ മന്ത്രിയായി ജൂലായ്‌ 1992 വരെ തുടര്‍ന്നു. വീണ്ടും 1995ല്‍ വാണിജ്യ മന്ത്രാലയത്തിലെ സ്വതന്ത്രചുമതലയേറ്റെടുത്ത അദ്ദേഹം 1996 ഏപ്രില്‍ വരെ അതു തുടര്‍ന്നു. ഈ അവസരത്തില്‍ ഇന്ത്യയുടെ കയറ്റിറക്കുനയങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
കോണ്‍ഗ്രസ്‌ പാര്‍ട്ടി ഉപേക്ഷിച്ച്‌ 1996ല്‍ തമിഴ്‌നാട്‌ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ചേര്‍ന്ന്‌ രൂപീകരിച്ച തമിഴ്‌ മാനില കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഈ മാനില കോണ്‍ഗ്രസ്‌ ഉള്‍പ്പെട്ട കൂട്ടുകക്ഷിമന്ത്രിസഭ കേന്ദ്രത്തില്‍ അധികാരത്തിലെത്തി. ഇത്‌ ചിദംബരത്തിന്‌ നിര്‍ണായകമായ ധനകാര്യ വകുപ്പ്‌ ലഭിക്കാന്‍ കാരണമായി. 1998ല്‍ ഈ മന്ത്രിസഭ താഴെ വീണെങ്കിലും 2004-ല്‍ മന്‍മോഹന്‍സിങ്ങ്‌ സര്‍ക്കാരില്‍ ധനമന്ത്രിയായി തുടര്‍ന്നു. 2008 മുതല്‍ ശിവരാജ്‌ പാട്ടീലിന്റെ രാജിയെതുടര്‍ന്ന്‌ ചിദംബരം അഭ്യന്തര മന്ത്രിയായി.
ഇതിനിടെ കുറെ രാഷ്ട്രീയ പരീക്ഷണങ്ങള്‍ നടത്താനും അദ്ദേഹം ശ്രമിച്ചു. 2001ല്‍ തമിഴ്മാനില കോണ്‍ഗ്രസ്‌ വിട്ട ചിദംബരം കോണ്‍ഗ്രസ്‌ ജനനായക പിറവി എന്ന സ്വന്തം പാര്‍ട്ടിയുണ്ടാക്കി.
ചിദംബരം തന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഏറെ വിവാദങ്ങളിലേക്ക്‌ എത്തിച്ചേര്‍ന്നിട്ടുണ്ട്‌. 1997ല്‍ സ്വമേധയാ ആദായം വെളിപ്പെടുത്തുന്ന പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചു. ഇതു പ്രകാരം വരുമാനനികുതിയില്‍ വീഴ്ച വരുത്തിയവര്‍ക്ക്‌ ശിക്ഷണ നടപടിയില്‍നിന്ന്‌ ഒഴിവാകാന്‍ കഴിയുമായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇന്‍കംടാക്സ്‌ കൊടുക്കുന്നവരെ അപമാനിക്കുന്ന പദ്ധതി സ്വീകാര്യമല്ലെന്ന്‌ കമ്പ്ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ അഭിപ്രായപ്പെട്ടു. 1997ല്‍ തന്റെ സ്വപ്നബജറ്റിലൂടെ അദ്ദേഹം ആദായനികുതി 30 ശതമാനമാക്കി കുറക്കുകയും, കോര്‍പ്പറേറ്റ്‌ നികുതികള്‍ 35 ശതമാനമാക്കുകയും, കോര്‍പ്പറേറ്റ്‌ സര്‍ചാര്‍ജ്‌ എടുത്തുകളയുകയും ചെയ്തു. ഷെയര്‍ ഉടമകളുടെ ഡിവിഡന്റ്‌ ടാക്സ്‌ ഒഴിവാക്കുകയും, വിദേശസ്ഥാപനങ്ങള്‍ക്കും വിദേശ ഇന്ത്യക്കാര്‍ക്കും 30 ശതമാനം ഇന്ത്യന്‍ കമ്പനികളില്‍ മൂലധനനിക്ഷേപത്തിന്‌ അവസരം നല്‍കുകയും ചെയ്തു. സ്വാഭാവികമായും സ്റ്റോക്ക്‌ എക്സ്ചേഞ്ചുകളില്‍ ഓഹരികളുടെ വില കുത്തനെ ഉയര്‍ന്നു. അങ്ങനെ കോര്‍പ്പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും കൂടുതല്‍ ആശ്വസം നല്‍കാനും അദ്ദേഹത്തിനായി.
ആന്ധ്രാപ്രദേശിലെ തെലുങ്കാന പ്രശ്നം ഇത്ര വഷളാക്കിയതിന്‌ കാരണക്കാരന്‍ ചിദംബരമാണെന്നു കരുതുന്ന കോണ്‍ഗ്രസ്സുകാര്‍ ഏറെയാണ്‌. 2009-ലെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ശിവഗംഗ മണ്ഡലത്തിലെ റിട്ടേണിങ്ങ്‌ ഓഫീസറില്‍ സമ്മര്‍ദ്ദം ചെലുത്തി ചിദംബരം തെരഞ്ഞെടുപ്പ്‌ ഫലത്തെ തിനിക്കനുകൂലമാക്കി അട്ടിമറിച്ചതായി ഒരു പ്രമുഖ ഇംഗ്ലീഷ്‌ പത്രം ആരോപിച്ചിരുന്നു. പരാജയപ്പെട്ട എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി കണ്ണപ്പന്‍ വീണ്ടും വോട്ട്‌ എണ്ണാന്‍ ആവശ്യപ്പെട്ടുവെങ്കിലും അത്‌ നിഷേധിക്കപ്പെടുകയായിരുന്നു.
ഡിസംബര്‍ 2010ല്‍ സുല്‍ത്താന്‍ പുരിയില്‍ കൂട്ടബലാത്സംഗം ഉണ്ടായതിനെ തുടര്‍ന്ന്‌ ദല്‍ഹിയിലെ കുറ്റകൃത്യങ്ങള്‍ കൂടുന്നതിന്‌ കാരണം അനധികൃത കോളനികളിലെ കുടിയേറ്റക്കാരാണെന്ന വിവാദ പ്രസ്താവന ചിദംബരത്തില്‍ നിന്നുണ്ടായി. ധാരാളം പ്രതിഷേധ മുയര്‍ത്തിയ ഈ പ്രസ്താവനക്കെതിരെ അഭ്യന്തരമന്ത്രി ചിദംബരത്തിന്‌ വടക്കേഇന്ത്യക്കാരോട്‌ വിരോധമുണ്ടെന്ന്‌ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി മായാവതിക്ക്‌ ചൂണ്ടിക്കാട്ടേണ്ടിവന്നു. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പലപ്പോഴും വിമര്‍ശനവിധേയമായിട്ടുണ്ട്‌. മന്ത്രിപദം ഏറ്റെടുത്ത ഉടന്‍തന്നെ നക്സലൈറ്റ്‌- മാവോയിസ്റ്റ്‌ ഭീഷണി അവസാനിപ്പിക്കുമെന്ന്‌ ചിദംബരം പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇതേവരെ അക്രമങ്ങള്‍ നിര്‍ത്താന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടില്ല. ഇതിനുശേഷം 2010 മെയ്‌ 28ന്‌ 150 പേര്‍ കൊല്ലപ്പെട്ട തീവണ്ടി അട്ടിമറിയും, 26 പോലീസുകാര്‍ കൊല്ലപ്പെട്ട 2010 ജൂണ്‍ 29-ാ‍ം തിയതിയിലെ സംഭവങ്ങള്‍ അടക്കം 2011ലും ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.
2008ല്‍ ആഭ്യന്തര ഭീകരാക്രമണമുണ്ടായ മുംബൈയില്‍ 2011 ജൂലൈ 13ന്‌ ഉണ്ടായ ആക്രമണം തടയാന്‍ കഴിയാഞ്ഞത്‌ ചിദംബരത്തിന്റെ കഴിവുകേടായി ചിത്രീകരിക്കപ്പെടുന്നു. സുരക്ഷാ സജ്ജീകരണങ്ങളുടെ അപര്യാപ്തതയും വാര്‍ത്താവിനിമയ ബന്ധത്തിലെ തകരാറുകളും സംഭവത്തിന്റെ ആഭ്യന്തരമായ വീഴ്ചയായി കണക്കാക്കപ്പെടുന്നു. സംഭവത്തെക്കുറിച്ച്‌ നേരത്തെ അറിവുനല്‍കാന്‍ സാധിക്കാതിരുന്നതും മന്ത്രാലയത്തിന്റെ കഴിവുകേടാണ്‌.
1984-ല്‍ ദല്‍ഹിയിലുണ്ടായ ലഹളകളില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ജഗദീഷ്‌ ടൈറ്റലര്‍ നിരപരാധിയാണെന്ന ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയവെ 2009 ഏപ്രില്‍ 7ന്‌ ദൈനിക്‌ ജാഗരണ്‍ എന്ന മാധ്യമത്തിന്റെ ജര്‍ണെയില്‍ സിങ്ങ്‌ എന്ന റിപ്പോര്‍ട്ടര്‍ അദ്ദേഹത്തിന്‌ നേരെ ചെരിപ്പോങ്ങിയിരുന്നു. മന്ത്രിസഭയിലെ മറ്റു സഹപ്രവര്‍ത്തകരുമായി ചിദംബരം പലകാര്യങ്ങളിലും അഭിപ്രായവ്യത്യാസം പുലര്‍ത്തുന്നു. പ്രതിരോധമന്ത്രി ആന്റണി മാവോയിസ്റ്റുകളെ വേട്ടയാടാന്‍ സൈന്യത്തേയും വ്യോമസേനയേയും അയക്കാന്‍ വിമുഖതകാട്ടുന്നതായി അദ്ദേഹം കുറ്റപ്പെടുത്തുന്നു. മെയ്‌ 2010-ല്‍ പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേഷ്‌ ചൈനീസ്‌ ടെലികോം കമ്പനികള്‍ക്ക്‌ സുരക്ഷാ കാരണങ്ങളാല്‍ ചിദംബരം അന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്‌ തടഞ്ഞു. കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌ സിങ്ങ്‌ ചിദംബരത്തിന്റെ ബൗദ്ധിക ധാര്‍ഷ്ട്യത്തെയും മാവോവാദികളോടുള്ള ഇടുങ്ങിയ സമീപനത്തേയും എതിര്‍ക്കുന്നു. 2010 മെയില്‍ മമതാബാനര്‍ജി റെയില്‍വേ മന്ത്രിയായിരിക്കേ ജ്ഞാനേശ്വരി എക്സ്പ്രസ്‌ പാളം തെറ്റിയതിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്നും സിബിഐ അന്വേഷണം വേണ്ടെന്നും പറഞ്ഞ ചിദംബരം പിന്നീട്‌ അതിനെ അനുകൂലിച്ചു. ജൂലായ്‌ 2010-ല്‍ എ.രാജു ടെലികോം മന്ത്രിയായിരിക്കെ ചിദംബരത്തിന്റെ അഭ്യന്തര കാര്യമന്ത്രാലയം ചൈനീസ്‌ ഉപകരണങ്ങള്‍ വാങ്ങുന്നത്‌ സുരക്ഷാ കാരണങ്ങളാല്‍ തടഞ്ഞു.
ചിദംബരത്തിന്റെ വ്യക്തിത്വം ഗുണദോഷ സമ്മിശ്രമായാണ്‌ നിരീക്ഷകര്‍ വിലയിരുത്തുന്നത്‌. മാധ്യമങ്ങള്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ട ഒരു ഇമേജ്‌ പാരഗ്രാഫുകളായുള്ള ചിന്ത, കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവ്‌, 65 വയസ്സിലും കര്‍മകുശലന്‍, ഭോപ്പാല്‍ ദുരന്തം പോലെയുള്ള അതിസങ്കീര്‍ണമായ പ്രശ്നം പോലും ലളിതമായി കൈകാര്യംചെയ്യാന്‍ സമര്‍ത്ഥന്‍ ഇതെല്ലാമാണ്‌ സത്ഗുണങ്ങള്‍. ബുദ്ധിപരമായ ധാര്‍ഷ്ട്യം, പ്രധാനമന്ത്രി സ്ഥാനമോഹി, നക്സലൈറ്റ്‌ പ്രശ്നത്തിലായാലും ശത്രുരാജ്യത്തിന്റെ ആക്രമണത്തിലായാലും വെട്ടൊന്ന്‌ മുറി റണ്ട്‌ എന്ന പ്രകൃതം, ദല്‍ഹിയിലെ പത്രപ്രവര്‍ത്തകരില്‍ ഒരു വിഭാഗത്തെ സ്വാധീനിച്ചുകൊണ്ട്‌ മന്ത്രാലയ സന്ദേശങ്ങള്‍ പാര്‍ട്ടിയേയും സര്‍ക്കാരിനേയും മറികടന്ന്‌ പ്രചരിപ്പിക്കുന്നു ഇവയാണ്‌ ദുര്‍ഗുണങ്ങള്‍.
ഇപ്പോള്‍ 2ജി സ്പെക്ട്രം കേസ്സില്‍ അന്ന്‌ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ ഉറച്ചനിലപാടുമൂലമാണ്‌ നിസ്സാരവിലക്ക്‌ സ്പെക്ട്രം വിറ്റതെന്ന്‌ അറിയാന്‍ കഴിയുന്നു. ഈ പ്രതിസന്ധി നാടകത്തിന്റെ തുടര്‍ രംഗങ്ങളിലേക്കാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്‌.
മാടപ്പാടന്‍