ജഡ്ജിയെ പരസ്യമായി വിമര്‍ശിച്ചത് ശരിയായില്ല - മുല്ലപ്പള്ളി

Sunday 25 September 2011 2:49 pm IST

കോഴിക്കോട്‌: പാമോയില്‍ കേസില്‍ ജഡ്ജിയെ പരസ്യമായി വിമര്‍ശിച്ചത്‌ ശരിയായില്ലെന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജുഡീഷ്യറിയെ പരസ്യമായി വിമര്‍ശിക്കുന്നത്‌ കോണ്‍ഗ്രസിന്റെ പാരമ്പര്യമല്ലെന്നും അദ്ദേഹം കോഴിക്കോട്‌ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കവെ വ്യക്തമാക്കി. കോടതികളോട്‌ എന്നും ബഹുമാനവും ആദരവും പുലര്‍ത്തുന്ന പ്രസ്ഥാനമാണ്‌ കോണ്‍ഗ്രസ്‌. നീതിപീഠങ്ങളുടെ പ്രവര്‍ത്തനം സ്വതന്ത്രമായിരിക്കണമെന്ന ആഗ്രഹമാണ്‌ കോണ്‍ഗ്രസിനുള്ളത്‌. ജുഡീഷ്യറിയുമായി ആരും പരസ്യ വിവാദത്തിന്‌ മുതിരരുതെന്നും പാമോയില്‍ കേസ്‌ സംബന്ധിച്ച ചോദ്യത്തിന്‌ മറുപടിയായി മുല്ലപ്പള്ളി പറഞ്ഞു. ന്യായാധിപന്മാര്‍ വിവാദങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.