ഹോം » കേരളം » 

നിയമസഭയില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തും

September 25, 2011

തിരുവനന്തപുരം: അടുത്ത നിയമസഭാസമ്മേളനം മുതല്‍ സഭയില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന്‌ സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്‍ അറിയിച്ചു. നിയമസഭയുടെ സുരക്ഷ ഘട്ടം ഘട്ടമായി ഉയര്‍ത്താന്‍ തീരുമാനിച്ചതായും സ്പീക്കര്‍ അറിയിച്ചു.

നിയമസഭാ സമ്മേളനം തുടങ്ങുന്നതിന്‌ മുമ്പ്‌ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്പീക്കര്‍. വെബ് കാസ്റ്റിങ്ങിനായി നിയമസഭയിലെ ഇലക്‌ട്രോണിക്‌ സംവിധാനം ഇതിനായി നവീകരിക്കും. അഞ്ച്‌ കോടി 42 ലക്ഷം രൂപ ഇതിനായി ചെലവഴിക്കുമെന്നും സ്‌പീക്കര്‍ പറഞ്ഞു.

നിയമസഭാ നടപടികള്‍ സംപ്രേഷണം ചെയ്യുന്ന തരത്തില്‍ നിയമസഭാ ടി.വിയെക്കുറിച്ച്‌ ആലോചിക്കുന്നുണ്ട്‌. ലോക്‌സഭാ ടി.വിയുടെ മാതൃകയിലാകും ഇത്‌. എന്നാല്‍ സമ്മേളന സമയത്ത്‌ മാത്രമായിരിക്കും ഇത്‌ സംപ്രേഷണം ചെയ്യുക.

മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരള നിയമസഭയുടെ സുരക്ഷ കാര്യക്ഷമമല്ല. ആര്‍ക്കും എപ്പോഴും നിയമസഭാ വളപ്പില്‍ പ്രവേശിപ്പിക്കാമെന്ന നിലയാണ്‌ ഇപ്പോഴുളളത്‌. ഇത്‌ ശരിയല്ലെന്നും കാര്‍ത്തികേയന്‍ പറഞ്ഞു. നിയമസഭയുടെ സുരക്ഷ ഘട്ടം ഘട്ടമായി ഉയര്‍ത്താനും തീരുമാനിച്ചതായും കാര്‍ത്തികേയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഏതു തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കാമെന്നതു സംബന്ധിച്ച്‌ പൊതുപ്രവര്‍ത്തകര്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഒരു ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു.

Related News from Archive
Editor's Pick