കുടുംബശ്രീയെ തകര്‍ക്കാനുള്ള ശ്രമം ചെറുക്കും - ഐസക്

Sunday 25 September 2011 5:26 pm IST

കോഴിക്കോട്‌: കുടുംബശ്രീയില്‍ തെരഞ്ഞെടുപ്പ്‌ ഒഴിവാക്കി നോമിനേഷനിലൂടെ ഭരണസമിതി കൊണ്ടുവരാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അതിനെ ചെറുക്കുമെന്ന്‌ തോമസ്‌ ഐസക്‌ എം.എല്‍.എ പറഞ്ഞു. സര്‍ക്കാരിന്റെ ഈ നീക്കം കുടുംബശ്രീയെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പു പദ്ധതിയുടെ നടത്തിപ്പ്‌ കുടുംബശ്രീയില്‍ നിന്നു മാറ്റുന്നത്‌ അഴിമതി നടത്തുന്നതിന്‌ വേണ്ടിയാണ്‌. കുടുംബശ്രീയെ ദുര്‍ബലപ്പെടുത്താനും ജനശ്രീയെ വളര്‍ത്തിക്കൊണ്ടുവരാനുമാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. മറ്റെല്ലാ സംസ്ഥാനങ്ങളിലും തൊഴിലുറപ്പു പദ്ധതി അഴിമതിയില്‍ മുങ്ങിക്കുളിച്ചപ്പോള്‍ കേരളത്തില്‍ മാത്രമാണ്‌ പദ്ധതി അഴിമതി രഹിതമായി നടക്കുന്നതെന്നും ഐസക്‌ പറഞ്ഞു. ഈ വര്‍ഷം 1000 കോടി രൂപയെങ്കിലും പദ്ധതിയ്ക്കായി സംസ്ഥാനത്തിന് ലഭിക്കും. ഇതില്‍ എത്ര രൂപ താഴെത്തട്ടിലെത്തുമെന്നു കണ്ടറിയണം. ഇക്കാര്യത്തില്‍ ലീഗിന്റെ അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ടെന്നും തോമസ് പറഞ്ഞു.