എഴുത്തുകാര്‍ കാലിക പ്രശ്നങ്ങളോട്‌ പ്രതികരിക്കുന്നില്ല: മന്ത്രി

Monday 26 September 2011 12:08 am IST

കൊച്ചി: സമകാലിക എഴുത്തുകാരും കവികളും സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ കാര്യമായി ഇടപെടുന്നില്ലെന്ന്‌ തൊഴില്‍വകുപ്പ്‌ മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. എറണാകുളം പ്രസ്ക്ലബ്ബില്‍ യുവകവയിത്രി കെ.വി.സുമിത്രയുടെ കവിതാസമാഹാരമായ 'ശരീരം ഇങ്ങനെയും വായിക്കാം' പ്രകാശനച്ചടങ്ങ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാമൂഹിക മാറ്റത്തിന്‌ പ്രേരിപ്പിക്കുന്ന കവിതകള്‍ മുന്‍കാലങ്ങളില്‍ എഴുതപ്പെട്ടിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്ന ശീലവും കവികള്‍ക്കുണ്ടായിരുന്നു. അവയ്ക്ക്‌ ഫലവും ലഭിച്ചിട്ടുണ്ട്‌. എന്നാല്‍ ആധുനികകാലത്ത്‌ ഇത്തരം ഇടപെടലുകളുണ്ടാകുന്നില്ലെന്ന്‌ മന്ത്രി പറഞ്ഞു. ശ്രീകുമാരി രാമചന്ദ്രന്‌ ആദ്യപ്രതി കൈമാറി ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ പ്രകാശനം നിര്‍വഹിച്ചു. കവി സെബാസ്റ്റ്യന്‍ കവിതാസമാഹാരം പരിചയപ്പെടുത്തി. എറണാകുളം പ്രസ്ക്ലബ്ബ്‌ സെക്രട്ടറി എം.എസ്‌.സജീവന്‍ ആശംസ നേര്‍ന്നു. ഡിസി ബുക്സ്‌ പബ്ലിക്കേഷന്‍ മാനേജര്‍ എ.വി.ശ്രീകുമാര്‍ സ്വാഗതവും കെ.വി.സുമിത്ര നന്ദിയും പറഞ്ഞു.