ഹോം » വാര്‍ത്ത » 

നീതിപീഠങ്ങളെ വെറുതെ വിടണം

September 26, 2011

രാഷ്ട്രീയാതിപ്രസരവും വിവാദങ്ങളുമാണ്‌ കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ വിലങ്ങു തടിയെന്ന്‌ പലരും വിലയിരുത്തിയിട്ടുണ്ട്‌. കേരളീയരെ പോലെ ഉന്നത വിദ്യാഭ്യാസ നിലവാരവും സാംസ്കാരികോന്നതിയുമില്ലാത്ത സംസ്ഥാനങ്ങള്‍ പലതും വളര്‍ച്ചയുടെ പടവുകള്‍ കയറുമ്പോള്‍ അന്ധാളിച്ചു നില്‍ക്കുന്ന അവസ്ഥയിലാണ്‌ കേരളം. ആരു ഭരിച്ചാലും അതിനൊരു മാറ്റവും കാണാനില്ല. വിവാദങ്ങള്‍ വളരുകയും കേരളം തളരുകയും ചെയ്യുന്ന സ്ഥിതി വിശേഷം മാറ്റമില്ലാതെ തുടരുകയാണ്‌. വിവാദങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടേണ്ടതാണ്‌ നീതിപീഠങ്ങളും അവയെ നയിക്കുന്നവരും. നിര്‍ഭാഗ്യവശാല്‍ കോടതികളെയും ജഡ്ജിമാരെയും താഴ്ത്തിക്കെട്ടാനുള്ള പ്രവണത ഒളിഞ്ഞും തെളിഞ്ഞും വളരുകയാണ്‌. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ തിരുവനന്തപുരം വിജിലന്‍സ്‌ കോടതിയെയും ജഡ്ജിയെയും പറ്റി ഉയര്‍ന്ന വിവാദവും അനന്തര സംഭവങ്ങളും. പാമോയില്‍ ഇടപാട്‌ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക്‌ അന്വേഷിക്കാന്‍ നിര്‍ദേശിച്ചതിനാണ്‌ കേസില്‍ കക്ഷിയല്ലാത്ത പി.സി.ജോര്‍ജ്‌ ജഡ്ജിക്കെതിരെ ആരോപണവുമായി രംഗത്തിറങ്ങിയത്‌. വിവാദം കത്തിപ്പടര്‍ന്നതിനെ തുടര്‍ന്ന്‌ പാമോയില്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍നിന്ന്‌ തിരുവനന്തപുരം വിജിലന്‍സ്‌ കോടതി ജഡ്ജി പി.കെ.ഹനീഫ പിന്മാറിയിരിക്കുകയാണ്‌. കേസിന്റെ വാദം കേള്‍ക്കുന്നതില്‍നിന്ന്‌ തന്നെ ഒഴിവാക്കണമെന്ന്‌ ജഡ്ജി ഹൈക്കോടതിയോട്‌ അപേക്ഷിച്ചു.
അടുത്തമാസം പത്തിന്‌ വിജിലന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട്‌ ഹാജരാക്കണമെന്നും പാമോയില്‍ കേസ്‌ അന്ന്‌ പരിഗണിക്കുമെന്നും കോടതി നേരത്തെ ഉത്തരവിട്ടിരുന്നതാണ്‌. എന്നാല്‍ അപ്രതീക്ഷിതമായി ബന്ധപ്പെട്ടവരെ അറിയിച്ച്‌ കോടതി സ്വമേധയാ കേസ്‌ ശനിയാഴ്ച പരിഗണിക്കുകയായിരുന്നു. ശനിയാഴ്ച കേസ്‌ വിളിച്ചപ്പോള്‍ താന്‍ പിന്‍മാറുകയാണെന്നു ജഡ്ജി അറിയിക്കുകയും ചെയ്തു. പാമോയില്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണങ്ങളെക്കുറിച്ച്‌ തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടതു സുപ്രീംകോടതിയുടെ മുന്‍ വിധിന്യായങ്ങളുടെയും നിലവിലെ നിയമത്തിന്റെയും അടിസ്ഥാനത്തിലാണെന്ന്‌ ജഡ്ജി വ്യക്തമാക്കിയിരുന്നു. തന്നെ മാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ നിരന്തരമായി പ്രസ്താവനകള്‍ വരുന്ന സാഹചര്യത്തില്‍ കേസിന്റെ തുടര്‍ നടപടികളുമായി മുന്നോട്ടുപോകുന്നത്‌ ഉചിതമായിരിക്കില്ലെന്നതിനാല്‍ താന്‍ ഈ കേസിന്റെ ചുമതലയില്‍ നിന്നും ഒഴിയുകയാണെന്നും ജഡ്ജി പറയണമെങ്കില്‍ അദ്ദേഹം എത്രമാത്രം മാനസിക സംഘര്‍ഷം അനുഭവിച്ചു കാണുമെന്ന്‌ ഊഹിക്കാവുന്നതാണ്‌. നിയമപരമായ കാര്യങ്ങള്‍ പരിഗണിച്ചു കൊണ്ടാണു താന്‍ വിധി പ്രസ്താവിച്ചതെന്നും കേസ്‌ മറ്റേതെങ്കിലും കോടതിയിലേക്കു മാറ്റണമെന്നുമാണ്‌ ജഡ്ജി ഹൈക്കോടതിയോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.
നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു പാമോലിന്‍ അഴിമതിക്കേസില്‍ പങ്കില്ലെന്നു കാണിച്ചു വിജിലന്‍സ്‌ നല്‍കിയ റിപ്പോര്‍ട്ട്‌ വിജിലന്‍സ്‌ കോടതി തള്ളിയിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണങ്ങളെക്കുറിച്ചു വ്യക്തമായി അന്വേഷിക്കണമെന്നും തുടരന്വേഷണ റിപ്പോര്‍ട്ട്‌ രണ്ടു മാസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നും വിജിലന്‍സ്കോടതി ഉത്തരവിട്ടിരുന്നു. കോടതിക്കു നിയമമറിയില്ലെന്നും കോടതി രാഷ്ട്രീയം കളിക്കുകയാണെന്നുമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച പി.സി. ജോര്‍ജ്‌ രാഷ്ട്രപതിക്കും മറ്റും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്‌. ജോര്‍ജിന്റെ പരസ്യപ്രസ്താവനയെ തുടര്‍ന്ന്‌ രണ്ടു കോടതിയലക്ഷ്യ കേസുകള്‍ ഇതേ കോടതിയില്‍ നിലവിലുണ്ട്‌.
പാമോയില്‍ ഇടപാട്‌ നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ കഴിഞ്ഞ ആഗസ്റ്റ്‌ എട്ടിനാണ്‌ വിജിലന്‍സ്‌ കോടതി നിര്‍ദേശം നല്‍കിയത്‌. ഇതു സംബന്ധിച്ച തുടരന്വേഷണ റിപ്പോര്‍ട്ട്‌ തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്‌. പാമോയില്‍ കേസില്‍ തുടരന്വേഷണത്തിന്‌ ഉത്തരവിട്ട വിജിലന്‍സ്‌ കോടതി വിധിക്കെതിരെ കേസില്‍ അഞ്ചാം പ്രതിയായ ജിജി തോംസണ്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന്‌ പരിഗണിക്കാനിരിക്കുകയാണ്‌. അന്വേഷണം പൂര്‍ത്തിയാക്കിയതിന്‌ ശേഷവും തുടരന്വേഷണത്തിന്‌ ഉത്തരവിട്ടത്‌ നിയമവിരുദ്ധമാണെന്നും ഈ ഉത്തരവ്‌ പിന്‍വലിക്കണമെന്നുമാണ്‌ ജിജി തോംസണിന്റെ ആവശ്യം..
പാമോയില്‍ കേസില്‍ മൊത്തം എട്ടുപ്രതികളാണുണ്ടായിരുന്നത്‌. അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനായിരുന്നു ഒന്നാംപ്രതി. കേസില്‍ നിന്നും ഒഴിവാക്കി കിട്ടാന്‍ കെ.കരുണാകരന്‍ സുപ്രീംകോടതിയെവരെ സമീപിച്ചു. ഫലമുണ്ടായില്ല. കേസ്‌ രാഷ്ട്രീയ പ്രേരിതമാണെന്നല്ലാതെ പ്രതികൂലമായി തീരുമാനങ്ങള്‍ പറഞ്ഞ ഒരു ജഡ്ജിയെക്കുറിച്ചും അദ്ദേഹം മരിക്കുംവരെ അഭിപ്രായം പറയാതിരുന്നത്‌ നീതിബോധം ഉള്ളതുകൊണ്ടാണെന്ന്‌ നിരീക്ഷിക്കാവുന്നതാണ്‌. കരുണാകരനെന്നല്ല കേസിലെ പ്രതികളാരും കേസുമായി ബന്ധപ്പെട്ട ജഡ്ജിമാരെ വ്യക്തിപരമായി ആക്ഷേപിക്കാതിരിക്കെ ഗവര്‍മ്മെണ്ട്‌ ചീഫ്‌ വിപ്പ്‌ എന്തിന്‌ വിവാദത്തിന്റെ ചുക്കാന്‍പിടിക്കുന്നു എന്ന ചോദ്യം പ്രസക്തമാണ്‌. അദ്ദേഹത്തിന്‌ പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ? എങ്കിലത്‌ പുറത്തുവരേണ്ടതുതന്നെയാണ്‌.
മൂക്കറ്റം മുങ്ങിനില്‍ക്കുന്ന അഴിമതിയുടെ അഴുകിയനാറ്റം രാഷ്ട്രീയക്കാരെ ഒട്ടാകെ സംശയദൃഷ്ടിയിലാക്കുന്ന സമയമാണിത്‌. പഴകിയ കേസ്സാണെങ്കിലും പാമോയില്‍ ഇറക്കുമതി പ്രശ്നത്തിന്‌ കോടതിയില്‍ നിന്നാണ്‌ ഇനി അന്തിമതീര്‍പ്പുണ്ടാകേണ്ടത്‌. മറ്റൊരു കുറുക്കുവഴിയും അതിനില്ല. ഒരു കോടതിയുടെ വിധിയില്‍ അപാകത വന്നാല്‍ അത്‌ തിരുത്തിക്കാന്‍ വ്യവസ്ഥാപിത മാര്‍ഗമുണ്ട്‌. അതിന്‌ പകരം ജഡ്ജിയെ തെറിപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്‌ യുക്തിക്കും സാമാന്യബുദ്ധിക്കും ചേരുന്നതല്ല. തെരുവുചട്ടമ്പികളെപ്പോലെ ഉത്തരവാദപ്പെട്ടവര്‍ പെരുമാറാന്‍ തുടങ്ങിയാല്‍ പുലരുന്നത്‌ നീതിയാവില്ല. അരാജകത്ത്വമാകും വളരുക. അത്തരമൊരു സാഹചര്യമുണ്ടാകാതെ നോക്കാനുള്ള ബാദ്ധ്യത രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഭരണാധികാരികള്‍ക്കുമുണ്ട്‌. ജഡ്ജിക്കെതിരെ പറഞ്ഞത്‌ ഞങ്ങളല്ലല്ലൊ ഞങ്ങള്‍ക്കതില്‍ ഉത്തരവാദിത്ത്വമില്ലേയില്ല എന്നൊക്കെയുള്ള മുടന്തന്‍ ന്യായങ്ങള്‍ നീതിബോധമുള്ളവര്‍ക്ക്‌ ചേരുന്നതല്ല. തെറ്റ്‌ ആര്‍ക്കും പറ്റാം. അത്‌ തിരിച്ചറിഞ്ഞാല്‍ തിരുത്തുന്നതാണ്‌ മര്യാദ. അത്‌ ഭരണാധികാരികളില്‍നിന്ന്‌ ഉണ്ടാകണമെന്നുതന്നെയാണ്‌ ജനങ്ങള്‍ ആഗ്രഹിക്കുന്നത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick