ഹോം » പൊതുവാര്‍ത്ത » 

കിഷന്‍ഗംഗ പദ്ധതി ഇന്ത്യക്ക്‌ തുടരാം

September 26, 2011

ഇസ്ലാമാബാദ്‌: ജമ്മുകാശ്മീരിലെ കിഷന്‍ഗംഗ ജലവൈദ്യുതപദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഇന്ത്യക്ക്‌ തുടരാമെന്ന്‌ തര്‍ക്കപരിഹാരത്തിനായുള്ള അന്തര്‍ദേശീയ കോടതി വിധിച്ചു. എന്നാല്‍ നദീതടത്തില്‍ ജലപ്രവാഹത്തെ തടയുന്ന ഒരു നിര്‍മാണവും അനുവദിച്ചിട്ടില്ല. പാക്കിസ്ഥാന്‍ നല്‍കിയ പരാതിയിലാണ്‌ ഈ വിധി.
1960 ലെ സിന്ധു ജലകരാര്‍ പ്രകാരം ഈ പ്രശ്നത്തിന്‌ ഇടക്കാല ഉത്തരവിലൂടെ പരിഹാരം കാണേണ്ടതായി കോടതി ചൂണ്ടിക്കാട്ടി. ഡാമിന്റെ അടിത്തറക്ക്‌ കീഴെയുള്ള നിര്‍മാണവും താല്‍ക്കാലിക ചെക്ക്ഡാമുകളും പൂര്‍ത്തിയാക്കിയ ബൈപാസ്‌ ടണലുകളും ഉപയോഗിക്കാം. ഗുരുറസ്‌ താഴ്‌വരയില്‍ നദീതടത്തിലെ ജലം താല്‍ക്കാലികമായി വറ്റിക്കുകയും നദീതടം കുഴിക്കുകയും ചെയ്യാമെന്ന്‌ ഇടക്കാല ഉത്തരവ്‌ വിശദീകരിക്കുന്നു. ഇതിനെക്കുറിച്ചുള്ള അന്തിമ തീര്‍പ്പ്‌ 2012 അവസാനമോ 2013 ആദ്യമോ ഉണ്ടാകുമെന്ന്‌ കോടതി വ്യക്തമാക്കി. അവസാന വിധിയില്‍ എന്തെങ്കിലും നിര്‍മാണപ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന്‌ ആവശ്യപ്പെടേണ്ടിവരികയില്ലെന്ന്‌ കോടതി പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യ സിന്ധുജല കരാര്‍ ലംഘിക്കുകയാണെന്നും നദിയുടെ ഗതി തിരിച്ചുവിടുകയാണെന്നും പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു. ഇടക്കാല കോടതിവിധിക്കുശേഷം ഇന്ത്യ സ്ഥിരമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി നദിയുടെ ഗതിയെ തിരിച്ചുവിടരുതെന്ന്‌ പാക്കിസ്ഥാന്‍ പ്രതികരിച്ചു. ഇടക്കാല ഉത്തരവ്‌ നടപ്പിലാക്കുന്നുവെന്നുറപ്പുവരുത്താന്‍ ഇന്ത്യയും പാക്കിസ്ഥനും സംയുക്തമായി പരിശോധനകള്‍ നടത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌. ഒത്തുതീര്‍പ്പിലെത്തിയ വസ്തുതകളെക്കുറിച്ചും വിയോജിപ്പുകളെക്കുറിച്ചും ഡിസംബര്‍ 19 ന്‌ മുമ്പ്‌ സംയുക്ത റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും ഇരുരാജ്യങ്ങളോടും കോടതി നിര്‍ദ്ദേശിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick