പി.സി.ജോര്‍ജിനെ അയോഗ്യനാക്കാമെന്ന്‌ നിയമോപദേശം

Monday 26 September 2011 4:56 pm IST

തിരുവനന്തപുരം: ഇരട്ടപ്പദവി വിവാദത്തില്‍ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജിനെ അയോഗ്യനാക്കാമെന്ന്‌ ഗവര്‍ണര്‍ക്ക്‌ നിയമോപദേശം ലഭിച്ചു. ഇരട്ടപ്പദവി വഹിക്കുന്നതിനെതിരെ ഡോ.സെബാസ്റ്റ്യന്‍ പോള്‍ നല്‍കിയ പരാതിയിലാണ്‌ ഗവര്‍ണര്‍ നിയമോപദേശം തേടിയത്‌. അഭിഭാഷകനായ ബിനു വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയപ്പോഴാണ്‌ രാജ്ഭവന്‍ ഇക്കാര്യം മറിയിച്ചത്‌. അഡ്വക്കറ്റ്‌ ജനറലാണ്‌ നിയമോപദേശം നല്‍കിയത്‌. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷനു കത്തു നല്‍കി. ജോര്‍ജ്ജിന്റെ പദവി ഓഫീസ്‌ ഒഫ്‌ പ്രോഫിറ്റിന്റെ പദവിയില്‍ വരുമെന്നും അയോഗ്യനാക്കാന്‍ മതിയായ കാരണമുണ്ടെന്നുമാണ്‌ ഗവര്‍ണര്‍ക്ക്‌ നിയമോപദേശം ലഭിച്ചിരിക്കുന്നത്‌. അതിനിടെ ജോര്‍ജ്ജിന്റെ ഇരട്ടപദവി സംബന്ധിച്ച്‌ കൂടുതല്‍ വിശദാംശങ്ങളും, തെളിവുകളും നല്‍കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ സെബാസ്റ്റ്യന്‍ പോളിന്‌ നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കനാണ്‌ നിര്‍ദ്ദേശം. നിയമന ഉത്തരവും ക്യാബിനറ്റ്‌ റാങ്ക്‌ പദവി സംബന്ധിച്ച രേഖകളുമാണ് ഹാജരാക്കേണ്ടത്‌. മന്ത്രിയുടെ പദവിയിലുള്ള ചീഫ്‌ വിപ്പിന്റെ ആനുകൂല്യങ്ങള്‍ പി.സി. ജോര്‍ജ്‌ കൈപ്പറ്റുന്നതിന് ഭരണഘടനാ പ്രകാരം വിലക്കുണ്ട്‌.