ഹോം » പ്രാദേശികം » കാസര്‍കോട് » 

ക്ഷേത്രങ്ങള്‍ ഒരുങ്ങി; നവരാത്രി ആഘോഷം നാളെ തുടങ്ങും

September 26, 2011

കാഞ്ഞങ്ങാട്്‌: നവരാത്രി ആഘോഷത്തിന്‌ ക്ഷേത്രങ്ങള്‍ ഒരുങ്ങി. നാളെ മുതല്‍ ഒക്ടോബര്‍ ൬ന്‌ വിജയദശമി വരെ ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കും. ഒക്ടോബര്‍ ൫ന്‌ മഹാനവമിയും ൬ന്‌ വിജയദശമിയുമാണ്‌. ഹൊസ്ദുര്‍ഗ്ഗ്‌ മാരിയമ്മന്‍ ക്ഷേത്രം, നിട്ടടുക്കം മാരിയമ്മന്‍ ദേവസ്ഥാനം, കല്ല്യാണ്‍ റോഡ്‌ മാരിയമ്മ ക്ഷേത്രം, വെള്ളിക്കോത്ത്‌ വനദുര്‍ഗ്ഗാ കാവ്‌, വെള്ളിക്കുന്നത്ത്‌ കാവ്‌, കാഞ്ഞങ്ങാട്‌ ഗണേഷ്‌ മന്ദിര്‍, പുല്ലൂറ്‍ കണ്ണങ്ങാട്ട്‌ ആരണ്യത്ത്‌ ഭഗവതി ക്ഷേത്രം, ഉദയപുരം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം, കൊട്ടോടി ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രം, കരിവേടകം ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രം, വെള്ളൂട ദുര്‍ഗ്ഗ പരമേശ്വരി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നവരാത്രി ചടങ്ങുകള്‍ ആരംഭിക്കും. ഭാരതീയ വിദ്യാനികേതന്‍ കാഞ്ഞങ്ങാട്‌ ഭാഗത്തുള്ള വിദ്യാരംഭ ചടങ്ങുകള്‍ ഒക്ടോബര്‍ ൬ന്‌ ദശമി ദിനത്തില്‍ നെല്ലിത്തറ സ്വാമി രാംദാസ്‌ സ്മാരക സരസ്വതി വിദ്യാമന്ദിരത്തിലാണ്‌ നടക്കുക. ജ്ഞാന വൈഭവം സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിദ്യാരംഭം ചടങ്ങില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. ചിന്‍മയാമിഷന്‍ കേരളാമേധാവി സ്വാമി വിവിക്താനന്ദ സരസ്വതി, ലോകപ്രശസ്ത ചിത്രകാരന്‍ കാനായി കുഞ്ഞിരാമന്‍, തപസ്യ സംസ്ഥാന അദ്ധ്യക്ഷനും കവിയുമായ പ്രൊഫ. മേലത്ത്‌ ചന്ദ്രശേഖരന്‍, ഭാഗവതാചാര്യനും പ്രഭാഷകനുമായ പെരികമന ശ്രീധരന്‍ നമ്പൂതിരി, താന്ത്രികാചാര്യന്‍ ഇടമന ഈശ്വരന്‍ തന്ത്രികള്‍, നാടന്‍ കലാഗവേഷകനും ആര്‍എസ്‌എസ്‌ ജില്ലാസംഘചാലകുമായ കുട്ടമത്ത്‌ എ.ശ്രീധരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ കുട്ടികള്‍ക്ക്‌ ഹരിശ്രീ കുറിക്കും. കൊറക്കോട്‌ ആര്യ കാര്‍ത്യായനി ക്ഷേത്രം, മല്ലം ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്രം, ദേളിതായത്തൊടിയില്‍ ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്രം, ചട്ടഞ്ചാല്‍ മഹാലക്ഷ്മി പുരം മഹിഷ മര്‍ദ്ധനി ക്ഷേത്രം, കാലിയങ്ങാട്ട്‌ ജഗദംബ ക്ഷേത്രം, കാസര്‍കോട്‌ വെങ്കിട്ടരമണ ക്ഷേത്രം, കളനാട്‌ കാളികാ ദേവീ ക്ഷേത്രം, കുട്ലു രാംദാസ്‌ നഗര്‍ ക്ഷേത്രം, അശ്വാരൂഡ പാര്‍വ്വതീ ദേവി സജിനി തുടങ്ങിയ ക്ഷേത്രങ്ങളിലും നവരാത്രി ആഘോഷം നാളെ ആരംഭിക്കും. ക്ഷേത്രങ്ങളില്‍ എല്ലാ ദിവസവും വിശേഷ പൂജകളും ഗണപതിഹോമങ്ങളും നടക്കും. ഒക്ടോബര്‍ ൫ന്‌ തൃക്കണ്ണാട്‌ ത്രയംബകേശ്വര ക്ഷേത്രത്തില്‍ കുംഭ കലശവും എഴുന്നള്ളത്തും ഉണ്ടാകും. മഹിഷമര്‍ദ്ദിനി ക്ഷേത്രത്തില്‍ ൩൦ന്‌ ലക്ഷാര്‍ച്ചന നടക്കുന്നുണ്ട്‌. ൫ന്‌ നവമിയോടനുബന്ധിച്ച്‌ വാഹന പൂജയും ൬ന്‌ വിദ്യാരംഭവും നടക്കും.

Related News from Archive
Editor's Pick