ഹോം » പൊതുവാര്‍ത്ത » 

മന്‍മോഹനും ചിദംബരത്തിനൊപ്പം

September 27, 2011

ന്യൂദല്‍ഹി: രാജ്യത്തെ ഞെട്ടിച്ച സ്പെക്ട്രം കുംഭകോണത്തില്‍ ഏറെ നാളത്തെ മൗനം വെടിഞ്ഞ്‌ മുന്‍ധനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ പി. ചിദംബരത്തെ ന്യായീകരിച്ച്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ രംഗത്ത്‌. ചിദംബരത്തിനെതിരെയുള്ള നീക്കങ്ങള്‍ യുപിഎ സര്‍ക്കാരിന്റെ ഐക്യം തകര്‍ത്ത്‌ തെരഞ്ഞെടുപ്പ്‌ നേരത്തെയാക്കാനുള്ള പ്രതിപക്ഷശ്രമത്തിന്റെ ഭാഗമാണെന്ന്‌ പ്രധാനമന്ത്രി അവകാശപ്പെട്ടു. ചിദംബരത്തെ പൂര്‍ണ്ണവിശ്വാസമുണ്ടെന്നും മന്‍മോഹന്‍സിംഗ്‌ പറഞ്ഞു. സ്പെക്ട്രം ഇടപാടുകളില്‍ ചിദംബരത്തിന്റെ പങ്കിനെക്കുറിച്ച്‌ സിബിഐ അന്വേഷണം വേണ്ടെന്ന്‌ കേന്ദ്രം സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തു.
സ്പെക്ട്രം തട്ടിപ്പ്‌ ഒഴിവാക്കാന്‍ ധനമന്ത്രിയായിരിക്കെ ചിദംബരത്തിന്‌ കഴിയുമായിരുന്നുവെന്ന ധനമന്ത്രാലയത്തിന്റെ കുറിപ്പ്‌ മന്ത്രിസഭയില്‍ അഭിപ്രായ ഭിന്നതകള്‍ക്ക്‌ വഴിതെളിച്ചിട്ടില്ലെന്ന്‌ പ്രധാനമന്ത്രി അവകാശപ്പെട്ടു. ന്യൂയോര്‍ക്കില്‍നിന്ന്‌ ഫ്രാങ്ക്ഫര്‍ട്ട്‌ വഴി ഇന്ത്യയിലേക്ക്‌ മടങ്ങവെ എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2 ജി കുറിപ്പിന്റെ പേരില്‍ മന്ത്രിസഭക്കുള്ളില്‍ പോര്‌ മുറുകിയ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തനിക്ക്‌ അതെക്കുറിച്ച്‌ അറിയില്ലെന്നായിരുന്നു സിങ്ങിന്റെ മറുപടി. തുറന്ന മനസ്സോടെയാണ്‌ മന്ത്രിസഭയില്‍ ചര്‍ച്ചകള്‍ നടക്കുക. മന്ത്രിമാര്‍ക്ക്‌ പല വീക്ഷണങ്ങള്‍ ഉണ്ടാകാം. അത്‌ തീരുമാനങ്ങളെടുക്കുന്നതില്‍ സഹായകരവുമാണ്‌. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമങ്ങള്‍ എഴുതുന്നതുപോലെയുള്ള ഒരു പ്രശ്നവും മന്ത്രിസഭയില്‍ ഇല്ല. ധനമന്ത്രി പ്രണബ്മുഖര്‍ജിയും ചിദംബരവും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ പരാമര്‍ശിച്ച്‌ അദ്ദേഹം പറഞ്ഞു.
ഇതേ സമയം ചിദംബരത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട്‌ ജനതാപാര്‍ട്ടി നേതാവ്‌ സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഇടക്കാല അപേക്ഷയില്‍ ഉത്തരവിന്റെ ആവശ്യമില്ലെന്ന്‌ കേന്ദ്രത്തിന്‌ വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി.പി. റാവു ജസ്റ്റിസുമാരായ ജി.എസ്‌. സിംഗ്‌വി, എ.കെ. ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ച്‌ മുമ്പാകെ നിര്‍ദ്ദേശിച്ചു.
ഇതിനിടെ സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ മൂടിവെക്കാനുള്ള കേന്ദ്ര ധനമന്ത്രാലയത്തിന്റെ ശ്രമം വിവാദമാവുന്നു. സ്പെക്ട്രം കുംഭകോണത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ വിവരങ്ങള്‍ മൂടിവെക്കാനുള്ള ധനമന്ത്രാലയത്തിന്റെ നീക്കത്തെ അംഗങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു. ധനകാര്യ സെക്രട്ടറി ആര്‍.എസ്‌. ഗുജറാളിനെ വിളിച്ചുവരുത്തി വിശദീകരണം തേടാനും തീരുമാനമായി.
2008-ല്‍ ധനമന്ത്രിയായിരുന്ന പി. ചിദംബരം സ്പെക്ട്രം ലൈസന്‍സുകള്‍ ലേലം ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഒരു വന്‍ കുംഭകോണം ഒഴിവാകുമായിരുന്നുവെന്ന കുറിപ്പ്‌ ഹാജരാക്കാന്‍ ധനമന്ത്രാലയം തയ്യാറാകാത്തതിനെ ഇന്നലെ ചേര്‍ന്ന സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തില്‍ അംഗങ്ങള്‍ ചോദ്യം ചെയ്തു. ഇത്‌ ഗുരുതരമായ നടപടിയും അവകാശലംഘനവുമാണെന്ന്‌ സിപിഎം നേതാവ്‌ സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. ധനമന്ത്രാലയത്തിന്റെ നിഷേധാത്മക സമീപനത്തില്‍ ജെപിസി അധ്യക്ഷന്‍ പി.സി. ചാക്കോ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ധനസെക്രട്ടറിയോട്‌ അടുത്തമാസം 13ന്‌ ഹാജരാകാന്‍ ആവശ്യപ്പെടുമെന്ന്‌ അദ്ദേഹം അറിയിച്ചു. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിന്മേല്‍ വിവാദകുറിപ്പ്‌ പരസ്യമായതിനെത്തുടര്‍ന്ന്‌ അത്‌ സമിതി മുമ്പാകെ ഹാജരാക്കാന്‍ ചാക്കോ ധനമന്ത്രാലയത്തോട്‌ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്‌ ധനമന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജി.എസ്‌. റാവു പിഎംഒയിലെ ജോയിന്റ്‌ സെക്രട്ടറി വിനി മഹാജന്‌ അയച്ച കുറിപ്പിന്റെ 50 കോപ്പികള്‍ നല്‍കി. ഇത്‌ കഴിഞ്ഞ ദിവസം ജെപിസി അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തു. എന്നാല്‍, കുറിപ്പ്‌ പരസ്യമായശേഷം തങ്ങള്‍ക്ക്‌ നല്‍കിയതില്‍ അംഗങ്ങള്‍ കടുത്ത നീരസം അറിയിക്കുകയായിരുന്നു. ഗുജറാളിന്‌ പുറമെ മുന്‍ ടെലികോം സെക്രട്ടറിമാരായ മിശ്ര, ബ്രിജേഷ്കുമാര്‍ എന്നിവരോടും ജെപിസി മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. സ്പെക്ട്രം കുംഭകോണത്തെക്കുറിച്ചുള്ള അന്വേഷണപുരോഗതി അടുത്തദിവസം തന്നെ സിബിഐ സംയുക്ത സമിതിയെ അറിയിക്കുമെന്ന്‌ കരുതുന്നു.
കമ്മറ്റി മുമ്പാകെ ധനസെക്രട്ടറി ഹാജരായി നിലപാട്‌ വിശദീകരിക്കുന്നതുവരെ ജെപിസി യോഗം മറ്റീവ്ക്കണമെന്ന്‌ എസ്‌എസ്‌ ആലുവാലിയ (ബിജെപി) ആവശ്യപ്പെട്ടു. സിപിഐ നേതാവ്‌ ഗുരുദാസ്‌ ദാസ്‌ ഗുപ്തയും ഇതിനോട്‌ യോജിച്ചു. ഇന്നലെ മൂന്നുമണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കുശേഷം മുന്‍ ടെലികോം സെക്രട്ടറി നൃപേന്ദ്ര മിശ്രയുടെ മൊഴി രേഖപ്പെടുത്താന്‍ ജെപിസി വിളിച്ചു.

Related News from Archive
Editor's Pick