ഹോം » വാര്‍ത്ത » പ്രാദേശികം » എറണാകുളം » 

ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ വഞ്ചിച്ച പതിനൊന്നംഗ തട്ടിപ്പ്‌ സംഘത്തെ റിമാന്റ്‌ ചെയ്തു

September 27, 2011

കോതമംഗലം: ഓസ്ട്രേലിയയിലേക്ക്‌ ജോലിക്കയക്കാമെന്ന്‌ വാഗ്ദാനം ചെയ്ത്‌ തട്ടിപ്പ്‌ നടത്തിയ ശ്രീലങ്കന്‍ സ്വദേശികളടക്കമുള്ള പതിനൊന്ന്‌ പ്രതികളെയും അറസ്റ്റ്‌ ചെയ്ത്‌ കോതമംഗലം മജിസ്ട്രേറ്റിന്‌ മുന്നില്‍ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്തു.
കഴിഞ്ഞ രണ്ട്‌ ദിവസങ്ങളായി കോതമംഗലം ഐരൂര്‍പ്പാടത്തുനിന്നും പുക്കാട്ടുപടിയില്‍നിന്നുമായി പിടിയിലായ മലയാളികളായ പുക്കാട്ടുപടി വാലയില്‍ കുര്യാക്കോസ്‌ (63), മകന്‍ ജിയോ (24), മകളുടെ ഭര്‍ത്താവ്‌ ഷിബു ജോണ്‍ (38), ബോട്ടുടമ മുനമ്പം അറലിപ്പറമ്പില്‍ സരീഷ്‌ (30), വടകര സ്വദേശി മുക്കോളില്‍ ബിബേഷ്‌ (28) എന്നിവരേയും തമിഴ്‌നാട്‌ കുളപ്പല്‍ സ്വദേശി ആന്റോ എന്ന ആന്റണി (30) എന്നയാളും ശ്രീലങ്കന്‍ സ്വദേശികളായ ചെന്നൈയില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ താമസിക്കുന്ന ഗുരു എന്ന്‌ വിളിക്കുന്ന ഗുരുരസന്‍ (25), നാഥന്‍ (32), ജയവദനന്‍ (27), കുലൈ ശല്‍വം (22), ഡേവിഡ്‌ (28) എന്നിവരേയുമാണ്‌ അറസ്റ്റ്‌ ചെയ്തത്‌. ഇവരില്‍ സരീഷ്‌, ആന്റണി എന്നിവര്‍ ഇന്നലെ പുലര്‍ച്ചെ ബോട്ടില്‍ കിടന്നുറങ്ങുമ്പോഴാണ്‌ പോലീസ്‌ പിടിയിലായത്‌.
സിനിമാരംഗവുമായി ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന്‌ അവകാശപ്പെടുന്ന ജിയോ കുര്യാക്കോസ്‌ ശ്രീലങ്കന്‍ സ്വദേശിയായ ഡേവിഡ്‌ മുഖേനയാണ്‌ ചെന്നൈയില്‍ അഭയാര്‍ത്ഥിക്യാമ്പില്‍ കഴിയുന്ന ശ്രീലങ്കന്‍ സ്വദേശികളായ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 32 പേരെ പല ദിവസങ്ങളിലായി കോതമംഗലം ഐരൂര്‍പ്പാടത്തും പുക്കാട്ടുപടിയിലുള്ള വാടക വീടുകളിലും എത്തിച്ചത്‌. ഇവര്‍ക്ക്‌ ഓസ്ട്രേലിയയില്‍ ജോലി നല്‍കാമെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ചാണ്‌ ഇവരെ ഡേവിഡ്‌ റിക്രൂട്ട്‌ ചെയ്ത്‌ കൊണ്ടുവന്നത്‌.
ശ്രീലങ്കയില്‍ പട്ടാളക്കാരുടെ കൊടുംക്രൂരതക്ക്‌ ഇരയായി അഭയാര്‍ത്ഥികളായി ചെന്നൈയില്‍ താമസിച്ച്‌ വരികയായിരുന്നു ഇവര്‍. ഇവര്‍ ഓരോരുത്തരും അഞ്ചുലക്ഷം രൂപവീതം നല്‍കണമെന്നതായിരുന്നു വ്യവസ്ഥ. ഇവരില്‍ അഡ്വാന്‍സ്‌ തുകയായി ഓരോരുത്തരില്‍നിന്നും 5000 മുതല്‍ 7000 രൂപവരെ വാങ്ങി ആകെ അഞ്ച്ലക്ഷം രൂപയാണ്‌ ഡേവിഡ്‌ ശേഖരിച്ച്‌ ജിയോന്‌ കൈമാറിയത്‌. ഐരൂര്‍പ്പാടത്തും പുക്കാട്ടുപടിയിലും സിനിമാ പ്രവര്‍ത്തകരെന്ന വ്യാജേനയും ടൂറിസ്റ്റുകളെന്ന വ്യാജേനയുമായാണ്‌ വീട്‌ വാടകക്കെടുത്ത്‌ താമസിപ്പിച്ചത്‌. ശ്രീലങ്കന്‍ സ്വദേശികളായവരുടെ അയല്‍വാസികളും ബന്ധുക്കളും ഓസ്ട്രേലിയയില്‍ ഇപ്രകാരം ജോലി ചെയ്യുന്നുണ്ടെന്ന്‌ അവര്‍ പറഞ്ഞു.
ഇവര്‍ കപ്പലിലാണ്‌ യാത്ര ചെയ്യുന്നതെന്നാണ്‌ ഇവരെ വിശ്വസിപ്പിച്ചിരുന്നത്‌. എന്നാല്‍ ഇവര്‍ക്ക്‌ യാത്ര ചെയ്യാന്‍ പഴയ ഒരു ബോട്ടാണ്‌ ഏര്‍പ്പാട്‌ ചെയ്തിരുന്നത്‌. പ്രതികളിലൊരാളായ മുനമ്പം സ്വദേശിയായ സരീഷിന്റേതാണ്‌ ബോട്ട്‌. ഇയാള്‍ ആന്റുവില്‍നിന്ന്‌ 12 ലക്ഷം രൂപയ്ക്ക്‌ വാങ്ങിയതായിരുന്നു. ബോട്ടില്‍ യാത്ര ചെയ്യുന്നതിനുള്ള എല്ലാ ഏര്‍പ്പാടുകളും ഉണ്ടായിരുന്നു. കൂടാതെ ജിപിആര്‍., വയര്‍ലെസ്‌ എന്നീ സംവിധാനങ്ങളുമുള്ളതായി പോലീസ്‌ പറഞ്ഞു. ജാഫ്ന സ്വദേശിയായ ചെന്നൈയില്‍ അഭയാര്‍ത്ഥി ക്യാമ്പിലുള്ള ആന്റണ്‍ എന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ പോലീസ്‌ കേസെടുത്തിട്ടുള്ളത്‌. റിമാന്റിലായ പ്രതികളെ പോലീസ്‌ കസ്റ്റഡിയില്‍ വാങ്ങുന്നതിന്‌ അപേക്ഷ സമര്‍പ്പിക്കുമെന്ന്‌ പോലീസ്‌ പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

എറണാകുളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick