ഹോം » പൊതുവാര്‍ത്ത » 

സഹകരണ ബാങ്ക് ഭരണം : പ്രതിപഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി

September 28, 2011

തിരുവനന്തപുരം: പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. കാര്‍ഷിക സഹകരണ ബാങ്കുകളിലെ ഭരണം ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ പിടിച്ചെടുക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇറങ്ങിപ്പോക്ക്.

പ്രതിപക്ഷത്ത് നിന്നും ഇ.പി ജയരാജനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സംസ്ഥാനത്തെ 17 കാര്‍ഷിക സഹകരണ സംഘങ്ങളുടെ അഫിലിയേഷന്‍ റദ്ദാക്കിക്കൊണ്ട് പ്രത്യേകം ഓര്‍ഡിനന്‍സ് ഇറക്കി സര്‍ക്കാര്‍ സംസ്ഥാന കാര്‍ഷിക സഹകരണ വികസന ബാങ്കിന്റെ ഭരണം പിടിക്കാന്‍ ശ്രമം നടത്തുകയാണ്. ജനാധിപത്യത്തെ ഹനിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.

നബാര്‍ഡിന്റെ നിര്‍ദ്ദേശം അനുസരിച്ച് വായ്പകള്‍ നല്‍കിയ സ്ഥാപനങ്ങളെയാണ് പിരിച്ചുവിട്ടതെന്നും ജയരാജന്‍ ചൂ‍ണ്ടിക്കാട്ടി. ഇതിന് മറുപടി പറഞ്ഞ സഹകരണ വകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ ഹൈക്കോടതി പോലും സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള അധികാരത്തെ ശരി വച്ചിരിക്കുകയാണെന്ന് പറഞ്ഞു. മുമ്പ് ഇടതുമുന്നണി സര്‍ക്കാരും യു.ഡി.എഫ് ഭരണത്തിലുള്ള സഹകരണ ബാങ്കുകള്‍ പിരിച്ചുവിട്ട ചരിത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരിയാരം മോഡല്‍ ആവര്‍ത്തിച്ച ഇടതുമുന്നണിക്ക് സഹകരണ ജനാധിപത്യത്തെക്കുറിച്ച് പറയാന്‍ യാതൊരു അവകാശവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയും പറഞ്ഞു. നബാര്‍ഡിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സംഘങ്ങള്‍ക്കെതിരെയാണ് നടപടി എടുത്തതെന്നും ഉമ്മന്‍‌ചാണ്ടി ചൂണ്ടിക്കാണിച്ചു. ഇതേത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

Related News from Archive
Editor's Pick