ഹോം » പൊതുവാര്‍ത്ത » 

2 ജി സ്പെക്ട്രം: പ്രധാനമന്ത്രിക്കെതിരെ ബി.ജെ.പി

September 28, 2011

ന്യൂദല്‍ഹി: 2 ജി സ്‌പെക്‌ട്രം കേസില്‍ പ്രതിരോധമന്ത്രി പി.ചിദംബരത്തെ സംരക്ഷിക്കുന്ന പ്രധാനമന്ത്രിക്കെതിരെ ശക്തമായ വിമര്‍ശനവുമായി ബി.ജെ.പി രംഗത്ത്‌. മാസങ്ങള്‍ക്ക്‌ മുമ്പ്‌ അഴിമതിക്കെതിരെ പോരാടുന്നതില്‍ തന്റെ പ്രതിബദ്ധത വ്യക്തമാക്കിയ പ്രധാനമന്ത്രി എന്നാല്‍ ചിദംബരത്തിനെ പിന്തുണക്കുന്നതിലൂടെ ആ വാഗ്‌ദാനം ലംഘിച്ചിരിക്കുകയാണെന്നും ബി.ജെ.പി പ്രതിപക്ഷനേതാവ്‌ സുഷമാ സ്വരാജ്‌ പറഞ്ഞു.

മുന്‍ ടെലികോം വകുപ്പ്‌ മന്ത്രി എ.രാജ ജയിലിലായ അതേ കുറ്റമാണ്‌ ചിദംബരം ചെയ്‌തതെന്നും സി.ബി. ഐയും ചിദംബരത്തെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും സുഷമ സ്വരാജ് പറഞ്ഞു. ചിദംബരത്തിനെതിരെ പ്രണബ് മുഖര്‍ജി എഴുതിയ കത്തിനെക്കുറിച്ചു പ്രധാനമന്ത്രി വിശദീകരിക്കണം.തന്റെ മന്ത്രിസഭയില്‍ വിമതരില്ലെന്നാണ് ഇതേക്കുറിച്ച് മന്‍മോഹന്‍ സിങ് പറയുന്നത്.

ചിദംബരത്തെയും പ്രണബ് മുഖര്‍ജിയെയും അപ്പുറത്തും ഇപ്പുറത്തും ഇരുത്തി പരിഹരിക്കാന്‍ 2ജി സ്പെക്ട്രം കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്നമല്ല. രാജ്യത്തെ ബാധിക്കുന്ന വിഷയമാണെന്നും സുഷമ പറഞ്ഞു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ്‌ പ്രതിപക്ഷം ശ്രമിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവനയെ തള്ളിക്കളഞ്ഞ സുഷമ, 2 ജി നോട്ട്‌ പുറത്തുവന്നത്‌ കോണ്‍ഗ്രസ്‌ മന്ത്രിയില്‍ നിന്നാണെന്നും ബി.ജെ.പിയില്‍ നിന്നല്ലെന്നും ചൂണ്ടിക്കാട്ടി.

അഴിമതിക്കെതിരേ നിലകൊള്ളുന്നതിന് പകരം അഴിമതിക്കാരായ മന്ത്രിമാരെ സംരക്ഷിക്കാനാണ് യു.പി.എ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനു സി.ബി.ഐയും കൂട്ടു നില്‍ക്കുന്നു. 2 ജി കേസില്‍ പ്രധാനമന്ത്രിക്ക്‌ എല്ലാം അറിയാമായിരുന്നെന്നും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ സംശയത്തിന്റെ നിഴലിലാണെന്നും സുഷമ പറഞ്ഞു.

സര്‍ക്കാരില്‍ വിവാദങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവന തെറ്റാണെന്ന്‌ ബി.ജെ.പി നേതാവ്‌ അരുണ്‍ ജെയ്റ്റ്ലിയും പറഞ്ഞു.

Related News from Archive
Editor's Pick