ഹോം » പൊതുവാര്‍ത്ത » 

ദയാനിധി മാരനെതിരെ ഉടന്‍ കേസെടുക്കും – സി.ബി.ഐ

September 28, 2011

ന്യുദല്‍ഹി: സ്പെക്ട്രം അഴിമതിയില്‍ ദയാനിധി മാരനെതിരെ ഉടന്‍ കേസെടുക്കുമെന്ന് സി.ബി.ഐ സുപ്രീംകോടതിയില്‍ അറിയിച്ചു. കേസില്‍ ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിക്കണമെന്ന് സുബ്രഹ്മണ്യം സ്വാമിക്ക് വേണ്ടി പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു.

സുബ്രഹ്മണ്യം സ്വാമി ചിദംബരത്തിനെതിരെ സി.ബി.ഐ അന്വേഷനം ആവശ്യപ്പെട്ട് നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. സി.ബി.ഐയുടെ ഉദ്യോഗസ്ഥരെല്ലാം ഐ.പി.എസ് കേഡറില്‍ പെട്ടവരാണ്. ഇവരെല്ലാം ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ വരുന്നവരാണ്. അതിനാല്‍ ചിദംബരത്തിനെതിരെ സി.ബി.ഐ അന്വേഷണം നടന്നാലും തെളിവുകള്‍ അവര്‍ പുറത്തുകൊണ്ടു വരുമെന്ന് വിശ്വസിക്കാനാവില്ല. അതിനാല്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ചിദംബരത്തിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു.

സ്പെക്ട്രം കേസ് സി.ബി.ഐ അന്വേഷിക്കുകയാണെന്നും അത് പൂര്‍ത്തിയായിട്ടില്ലെന്നും സി.ബി.ഐ അറിയിച്ചു. ദയാനിധി മാരന്റെ പങ്കിനെക്കുറിച്ചും സി.ബി.ഐ അന്വേഷണം നടത്തി വരികയാണ്. 300 ടെലിഫോണ്‍ ലൈനുകള്‍ ദയാനിധി മാരന്റെ വീട്ടിലുണ്ടെന്ന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണവും പൂര്‍ത്തിയായി വരുകയാണ്. ഈ കേസില്‍ എത്രയും പെട്ടെന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും സി.ബി.ഐ അഭിഭാഷകന്‍ കെ.കെ വേണുഗോപാല്‍ അറിയിച്ചു.

വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ നാളെയും വാദം തുടരും.

Related News from Archive
Editor's Pick