ഹോം » സംസ്കൃതി » 

ഗീതാസന്ദേശങ്ങളിലൂടെ

June 26, 2011

ഭൗതിക സുഖ സന്തോഷങ്ങള്‍ക്കായി സാധാരണക്കാര്‍ കര്‍മം ചെയ്യുന്ന അതേ ഇച്ഛാശക്തിയോടെ വേണം ശ്രേഷ്ഠന്മാര്‍ സുഖസന്തോഷങ്ങള്‍ക്കല്ലാതെ കര്‍മം ചെയ്യേണ്ടത്‌. അജ്ഞാനികളെപ്പോലെ ചെറിയ സുഖസന്തോഷങ്ങള്‍ക്കായും കാര്യസിദ്ധിക്കായുമല്ല ജ്ഞാനികള്‍ കര്‍മനിരതരാകേണ്ടത്‌. എല്ലാവരും എല്ലാ ജീവജാലങ്ങളും പ്രവര്‍ത്തിക്കുന്നത്‌ പ്രകൃതിയുടെ നിര്‍ബന്ധത്താലാണ്‌. അജ്ഞാനികളും അഹങ്കാരികളും വിചാരിക്കുന്നു ഞാനാണതു ചെയ്യുന്നതെന്ന്‌. ജ്ഞാനികളറിയണം ഇതെല്ലാം പ്രകൃതി നമ്മെക്കൊണ്ട്‌ ചെയ്യിക്കുകയാണെന്ന്‌.
സ്വയം അനുഷ്ഠിക്കേണ്ടതായ സ്വധര്‍മത്തിലെ കര്‍മങ്ങളുടെ ഗുണത്തിലും ദോഷത്തിലും കര്‍മയോഗി ബന്ധിതനാകാറില്ല. കര്‍മത്തിന്റെ ഗുണദോഷങ്ങളില്‍ ബന്ധിതനായ വ്യക്തിക്ക്‌ കര്‍മബന്ധനങ്ങളില്‍നിന്ന്‌ മോചനം സാധ്യവുമല്ല. കര്‍മയോഗികളും കര്‍മജ്ഞാനികളും അവരുടെ കര്‍മവും കര്‍മഫലവും കര്‍മപ്രതിഫലവുമെല്ലാം ഈശ്വരാര്‍പണമായി സമര്‍പ്പിച്ച്‌ കര്‍മം ചെയ്യുന്നു. അമിതാഗ്രഹങ്ങളും അഹങ്കാരവുമില്ലാതെ,ഈശ്വരാര്‍പ്പിതമനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നവരാണ്‌ കര്‍മാതീതരാകുന്നത്‌. ഇതിന്‌ വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ പിന്നീട്‌ പശ്ചാത്തപിക്കുകയും ചെയ്യുന്നു.
ചിലര്‍ സംശയിക്കുന്നു, പ്രകൃതിയുടേയും ചുറ്റുപാടുകളുടേയും സ്വാധീനത്താല്‍ നല്ല ജ്ഞാനികള്‍ പോലും ചിലപ്പോള്‍ സുഖഭോഗങ്ങളില്‍ ആകൃഷ്ടരായിത്തീരുന്നതെന്തുകൊണ്ടാണെന്ന്‌. ഇതിന്‌ കാരണമുണ്ട്‌! ഓരോ മനുഷ്യനിലും, അവന്‍ എത്രജ്ഞാനിയാണെങ്കിലും യോഗിയാണെങ്കിലും, ഒരേപോലെ ഇന്ദ്രിയങ്ങള്‍ അവയുടെ കര്‍മം ചെയ്തുകൊണ്ടേയിരിക്കും. അവയുടെ കര്‍മം നിരന്തരം എല്ലാ വ്യക്തികളിലും പ്രകടമാകുക തന്നെ ചെയ്യും. അതിന്‌ കാരണം ആ ഇന്ദ്രിയങ്ങളില്‍ സ്വതസിദ്ധമായി നിലനില്‍ക്കുന്ന രാഗദ്വേഷങ്ങളാണ്‌. (ആകര്‍ഷണവും വികര്‍ഷണവും).ഇന്ദ്രിയങ്ങളുടെ അടിമയായി ജീവിക്കുന്ന ഏത്‌ വ്യക്തിക്കും ഈ ആകര്‍ഷണവികര്‍ഷണങ്ങളുടെ സ്വാധീനമുണ്ടാകും. നമ്മളില്‍ തന്നെയുള്ള, ഏവരേയും വഴിതെറ്റിക്കുന്ന രണ്ടു ശത്രുക്കളാണിവ. സാധാരണക്കാര്‍ക്ക്‌ അവയെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. ജ്ഞാനികള്‍ക്ക്‌, ഇടക്ക്‌ ഈ ഇന്ദ്രിയങ്ങളുടെ നിയന്ത്രണം വിട്ടുപോകാമെങ്കിലും, അവരത്‌ തിരിച്ചറിഞ്ഞ്‌ മനസ്സിനേയും ഇന്ദ്രിയങ്ങളേയും നിയന്ത്രിക്കുന്നു.

Related News from Archive
Editor's Pick