ഹോം » പൊതുവാര്‍ത്ത » 

മുഖര്‍ജിയുടെ പ്രസ്താവന തമാശ: ബിജെപി

September 29, 2011

ന്യൂദല്‍ഹി: 2 ജി സ്പെക്ട്രംകേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക്‌ ധനമന്ത്രാലയം അയച്ച കത്തില്‍ പ്രതിഫലിക്കുന്നത്‌ തന്റെ അഭിപ്രായമല്ലെന്ന ധനമന്ത്രി പ്രണബ്‌ മുഖര്‍ജിയുടെ നിലപാട്‌ തമാശ മാത്രമാണെന്ന്‌ ബിജെപി. പ്രശ്നം തീര്‍ന്നുവെന്നു പറഞ്ഞതുകാണ്ട്‌ മാത്രമായില്ല. കോടിക്കണക്കിന്‌ രൂപ ഖജനാവിന്‌ നഷ്ടം വരുത്തിയത്‌ ആര്‌ എന്നറിയണം, ബിജെപി വക്താവ്‌ രവിശങ്കര്‍ പ്രസാദ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇത്‌ മുഖര്‍ജിയുടെ ‘ബേബി’ മാത്രമല്ല. അന്ന്‌ ധനകാര്യമന്ത്രിയായിരുന്ന പി. ചിദംബരം വേണ്ടത്ര മുന്‍കരുതലുകളെടുത്തിരുന്നെങ്കില്‍ 2 ജി സ്പെക്ട്രം ഇടപാടില്‍ കോടിക്കണക്കിന്‌ രൂപ നഷ്ടപ്പെടുകയില്ലായിരുന്നു. ലൈസന്‍സ്‌ റദ്ദാക്കാമായിരുന്നിട്ടും ചിദംബരം അത്‌ ചെയ്തില്ല.
ഇപ്പോഴുണ്ടായിട്ടുള്ള വിവാദം കോണ്‍ഗ്രസിലെ രണ്ട്‌ മന്ത്രിമാര്‍ തമ്മിലുള്ള ആഭ്യന്തരപ്രശ്നമായി മാത്രം കണ്ടാല്‍ പോരാ. പൊതുമുതല്‍ കൊള്ളയടിക്കുന്നതിന്‌ തുടര്‍ച്ചയായിട്ടാണ്‌ ഇതിനെ ബിജെപി കാണുന്നത്‌, രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു.
പ്രണബിന്റെ ഏറ്റവും ഒടുവിലത്തെ നിലപാട്‌ ഒരു താല്‍ക്കാലിക വെടിനിര്‍ത്തല്‍ മാത്രമായേ കാണാനാവൂ. ആരുടെ കുബുദ്ധിയും സമ്മര്‍ദ്ദവുമാണ്‌ പ്രണബിനെ നിലപാട്‌ മാറ്റാന്‍ നിര്‍ബന്ധിതനാക്കിയതെന്നത്‌ പകല്‍പോലെ വ്യക്തമാണ്‌. മന്‍മോഹന്‍ സര്‍ക്കാരും കോണ്‍ഗ്രസ്‌ പാര്‍ട്ടിയും ആഭ്യന്തര പ്രശ്നങ്ങളാല്‍ രൂക്ഷമായ പ്രതിസന്ധിയെ ആണ്‌ നേരിടുന്നത്‌. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം അധികനാള്‍ വിജയിക്കില്ല. രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു.

Related News from Archive
Editor's Pick